പ്രിയരേ..ആകാശം നഷ്ടപ്പെട്ട പറവകള്‍ എന്ന കഥയുടെ നിരൂപണം ബൂലോകത്തിലും ഇരിപ്പിടത്തിലും വായിക്കാം .

Friday, 19 October 2018

പ്രഭാതത്തിന്റെ ആലസ്യത്തില്‍ നിന്നുണരാന്‍ എന്നത്തേയും പോലെ അന്നും വൈകി. ഇനി തിരക്കിട്ട് ദിനചര്യകള്‍ തീര്‍ത്തു ഒരു ഓട്ടമാണ്.. സന ബസാറിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു എന്നാല്‍ തെരുവിന്റെ ഓരത്ത് തന്നെയാണ് വിവേകിന്റെ ഹോസ്റ്റല്‍ ..
വേഷം മാറി തെരുവിലേക്ക് നടന്നു. രഥയാത്രയുടെ ആഘോഷങ്ങള്‍ തീര്‍ന്നു ഒരാഴ്ചയോളം ആയെങ്കിലും നഗരം ഇന്നും ആ  ക്ഷീണം വിട്ടു മാറാത്ത പോലെ മൂടിപ്പുതച്ചുറങ്ങുകയാണ്.   ഇരു വശങ്ങളില്‍ നിന്നും റോഡിന്റെ പകുതിയോളം അതിക്രമിച്ചു കയ്യേറിയ വഴിവാണിഭര്‍  പലരും സാധനങ്ങള്‍ ചാക്കിട്ടു മൂടി അതിനടുത്തു തന്നെയായി മയക്കത്തിലാണ്

ഈ തെരുവ് എന്നും രാവിലെയും വൈകുന്നേരവും ഏറെ കാഴ്ചകള്‍ വിവേകിന് മുന്നില്‍ തുറന്നു വെക്കാറുണ്ട്. ഏറെയും മനം മടുപ്പിക്കുന്നവ. എങ്കിലും ഒന്നില്‍ നിന്നും അയാള്‍ മുഖം തിരിക്കാറില്ല.

"അബ്  കെ ഹം  ബിച്ടെ  തൊ  ശായദ്  കഭീ ഖാബോന്‍  മേ  മിലേ 

ജിസ്  തരഹ്  സൂഖെ ഹുയെ  ഫൂല്‍  കിതാബോന്‍  മേ  മിലേ.."


തെരുവിന്റെ കവാടത്തിനടുത്ത് മാംസവില്പ്പനശാലയില്‍  തിരക്കുണ്ട്. എണ്ണിഎടുക്കാന്‍ കഴിയുന്ന വിധം ശരീരത്തില്‍ എല്ലുകള്‍ ഉന്തി നില്ല്ക്കുന്ന ഇക്ബാല്‍ ദാദ മുന്നില്‍ ഇറച്ചികളില്‍ ആഞ്ഞു വെട്ടുന്ന ശബ്ദം മെഹ്ദി ഹസ്സന്റെ ഗസ്സലിനു താളമിടുന്നുണ്ട്. രണ്ട് വര്‍ഷങ്ങളായി എന്നും കാണുന്ന കാഴ്ചകളില്‍ വിവേകിനെ ഏറെ അസ്വസ്തനാക്കുന്നതും  മാംസ വില്പ്പനശാലയിലെ റെക്കോര്‍ഡറില്‍ നിന്നുയരുന്ന വേദനയുടെ ഗസലുകളാണ്.

തെരുവില്‍ നിന്നും തിരിയുന്ന ഓവു ചാലിനോരത്ത് കൂടെ റെയില്‍വേ ട്രാക്കിലെക്കിറങ്ങണം . ഇവിടെയും കാഴ്ച്ചകള്‍ ഒട്ടും സുഖകരമാല്ല. എങ്കിലും സിറ്റി ബസിലെ തിരക്കില്‍ അര മണിക്കൂര്‍ യാത്ര ചെയ്യുന്നതിലും ഭേദമായത് കൊണ്ടാണ് വിവേക്‌ ആ വഴി തിരഞ്ഞെടുക്കുന്നത്. ബെര്‍ഹാംപൂര്‍ സ്റ്റേഷന്‍റെ കിഴക്കേ അറ്റമാണതു. ഏഴോളം ട്രാക്കുകള്‍ . ഇടയില്‍ ക്രോസ്സിങ്ങുകളും. അത് മറി കടക്കാന്‍ അയാള്‍ പലപ്പോഴും ഏറെ സമയം എടുക്കും. അകലെ നിന്നും ഒരു ട്രെയിനിന്റെ ശബ്ദം കേട്ടാല്‍ തന്നെ അയാള്‍ ഒരു ഭീരുവിനെപ്പോലെ ട്രാക്കുകള്‍ക്കിടയില്‍ നില്‍ക്കും. ഏതു ട്രാക്കിലെക്കാണ് അത് വരുന്നത് എന്നത് ഒരിക്കലും അയാള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാറില്ല. ഇത്തരം ചില സമസ്യകള്‍ അയാളെ എന്നും കുഴക്കാറുണ്ട്.  ഇന്ന് പക്ഷെ ട്രെയിനിന്റെ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല. വേഗം നടന്നു. നേരെ മൂന്നാം പ്ലാറ്റ്ഫോമിന്റെ അറ്റത്തു ചെന്ന് കയറാം. 

വിവേകിന്റെ മജ്നു അവിടെയാണ് ഇരിക്കാറു. മജ്നു എന്ന് വിവേക്‌ പേരിട്ടു വിളിച്ച ഭ്രാന്തന്‍ . അലക്ഷ്യമായി വളര്‍ന്ന മുടിയും താടിയും. മുഷിഞ്ഞ വസ്ത്രങ്ങള്‍ . ഏറെ ശാന്തനായി പ്ലാറ്റ്ഫോമിന്റെ ഓരത്ത് അയാള്‍ ഇരിക്കും. അടുത്ത് ഒരു ചെറിയ ബാഗും. .

ഏതെങ്കികിലും ട്രെയിന്‍ വരുമ്പോള്‍ ആണ് അയാള്‍ പെട്ടെന്ന് പ്രകോപിതനാകുക. ട്രെയിനിനു നേരെ ചാടുന്ന പോലെ ഒറ്റക്കലുയര്‍ത്തി നില്‍ക്കും. പുതിയ യാത്രക്കാരില്‍ ഇത് പരിഭ്രാന്തി ഉണ്ടാക്കും. ചില നിലവിളികളും ചിലപ്പോള്‍ ഉയരും. പക്ഷെ സ്ഥിരം യാത്രക്കാരും ഗാര്‍ഡും എല്ലാം  അത് ശ്രദ്ധിക്കാറില്ല. അവര്‍ക്കറിയാം അയാള്‍ ചാടില്ല എന്ന്. ട്രെയിന്‍ കടന്നു പോയാല്‍ മടങ്ങി വന്നു ശാന്തനായി ഇരിക്കും.മാസങ്ങളായി ഇത് തുടരുന്നു . വിവേകിനെ ഇയാളുടെ പ്രവര്‍ത്തി പലപ്പോഴും മറ്റൊരു സമസ്യ ആയിരുന്നു. ആരുടേയും മുന്നില്‍ അയാള്‍ കൈ നീട്ടാറില്ല എങ്കിലും എന്നും മുടങ്ങാതെ രണ്ടു രൂപ അയാള്‍ക്ക് നല്‍കാറുണ്ട്. ഒരു ഭാവമാറ്റവും ആ കണ്ണുകളില്‍ കണ്ടിട്ടില്ല.  


പല ഒഴിവു ദിവസങ്ങളിലും വിവേക്‌ അയാളെ നിരീക്ഷിക്കാറുണ്ട് .ഈ ഒരു പ്രവൃത്തി ഒഴിവാക്കിയാല്‍ അയാളില്‍ അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും സാധാരണമല്ലാത്ത  എന്ത് പ്രവര്‍ത്തിയും ഒരാള്‍ തുടരെ ചെയ്യുമ്പോള്‍ അയാള്‍ സമൂഹത്തില്‍  ഭ്രാന്തനാകുന്നു. ആ പ്രവര്‍ത്തിയുടെ കാരണം ചികയുന്നതിലും എളുപ്പമാണല്ലോ അയാളെ ഭ്രാന്തന്‍ എന്ന് മുദ്ര കുത്താന്‍ .  പല തവണ പലതും ചോദിച്ചിട്ടുണ്ടെങ്കിലും അയാളില്‍ നിന്ന്  മറുപടി ഒന്നും ലഭിക്കാറില്ല. എന്തെ ഇയാളെ ആരും ഇവിടെ നിന്ന് മാറ്റാത്തത് എന്നും ചിന്തിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം സമൂഹം നല്‍കുന്ന സ്വാതന്ത്രം ആകും അത്.

രണ്ടു ദിവസം മുന്‍പാണ്. വിവേക്‌ പതിവ് പോലെ ട്രാക്കുകള്‍ക്കിടയില്‍ ആയിരുന്നു. ട്രെയിനിന്റെ ശബ്ദം കേട്ടതിനാല്‍ അനങ്ങാതെ നിന്നതാണ്. ട്രെയിന്‍ കുതിച്ചു വന്നത് മൂന്നാം പ്ലാറ്റ്ഫോമിന് നേരെയാണ് . മജ്നു പതിവ് പോലെ ഒറ്റക്കാലില്‍ ട്രെയിനിനു നേരെ കുതിച്ചു ... പക്ഷെ അന്നയാള്‍ ചാടുക തന്നെ ചെയ്തു. അതോ വീണതോ?. തീര്‍ച്ചയില്ല. ഒരു നിലവിളി. അയാളില്‍ നിന്ന് വിവേക്‌ കേട്ട ആദ്യ ശബ്ദം. എന്തോ ഒന്ന് വന്നു നെറ്റിയില്‍ അടിച്ച പോലെ തോന്നി വിവേകിന്. അയാള്‍ അമര്‍ത്തിത്തുടച്ചു. കയ്യില്‍ ചോരയുടെ നനവോ.. വീണ്ടും വീണ്ടും തുടച്ചിട്ടും പോകുന്നില്ല എന്ന് തോന്നിയതിനാല്‍ അമര്‍ത്തി തുടച്ചു കൊണ്ടേയിരുന്നു .
ട്രെയിന്‍ ഒന്ന് നിലവിളിച്ചു നിന്നു. ആ നിലവിളിയില്‍ മജ്നുവിന്റെ അവസാന ശബ്ദം മുങ്ങിപ്പോയി
അവിടെ കാര്യങ്ങള്‍ എല്ലാം വേഗം കഴിഞ്ഞു. ഒരു ചാക്കില്‍ പെറുക്കിക്കൂട്ടി. ആംബുലന്‍സിന്റെ ശബ്ദവും കേട്ടു. ട്രാക്കില്‍ മധ്യത്തില്‍ ഉള്ള പൈപ്പില്‍ നിന്നും വെള്ളം ചീറ്റിക്കുന്നത് കണ്ടു. മജ്നു തീര്‍ന്നു!! 


.നെറ്റി തുടച്ചു കൊണ്ട് തന്നെ വിവേക്‌ റൂമിലേക്ക്‌ അന്ന് തിരിച്ചു നടന്നു.

ഇന്നിപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞു. അതിനു ശേഷം ഈ വഴിക്കിന്നാണ് വരുന്നത് . മൂന്നാം പ്ലാറ്റ്ഫോമിലേക്ക് കയറി.
ബെര്‍ഹാംപൂര്‍  എന്ന് വലുതാക്കി എഴുതിയ മഞ്ഞ ബോര്‍ഡിനു താഴെ ഒരു ചെറിയ ബാഗ് വിവേകിന്റെ കണ്ണില്‍ പെട്ടു. ഇതാരും കൊണ്ട് പോയില്ലേ. ഭ്രാന്തന്റെ ബാഗ് പോലീസിനും വേണ്ടേ.  ഈ ബോര്‍ഡിന്റെ മറവില്‍ ആരാണ് ഇത് വച്ചത്. വിവേകിന്റെ മനസ്സില്‍ സംശയങ്ങള്‍ നിറഞ്ഞു . ആ ബാഗ് പതിയെ എടുത്തു. മനസ്സില്‍ ഒരു തെറ്റ് ചെയ്യുന്ന വേവലാതി
 

കുറെ നാണയത്തുട്ടുകളും മുഷിഞ്ഞ ഒന്ന് രണ്ടു പേപ്പറുകളും ആണ് ആദ്യം കയ്യില്‍ തടഞ്ഞത്
സര്‍ട്ടിഫിക്കറ്റ്‌ പോലെ തോന്നിയ ഒരു പേപ്പര്‍ വിവേക്‌ വിടര്‍ത്തി നോക്കി. ഉത്ക്കല്‍ യൂണിവേര്‍സിറ്റിയില്‍ നിന്നുമുള്ള മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ !!. കാളീചരണ്‍ മല്ലിക്ക് എന്നാണ് പേര് . രണ്ടു കത്തുകള്‍ കൂടെയുണ്ട്. കുറച്ചു വരികളെ ഉള്ളൂ. പക്ഷെ ഒറിയ വായിക്കാന്‍ വിവേകിനറിയില്ല . ഒരു തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. കോളേജിലെ ആണ്. ഫോട്ടോ മങ്ങി നശിച്ചിരിക്കുന്നു

ബാഗ്‌ അടുക്കിപ്പിടിച്ചു ഓഫീസിലേക്കുള്ള യാത്രയില്‍ ഉടനീളം അസ്വസ്ഥനായിരുന്നു വിവേക്‌. ബാങ്കില്‍ ജോലിക്കിടയില്‍  അന്ന് കണക്കുകള്‍ എല്ലാ തെറ്റിയ ദിനം. അവസാനം വൈകുന്നേരം കണക്ക് കൂട്ടിയപ്പോള്‍ അഞ്ഞൂറ് രൂപ കൂടുതല്‍ ആണ്. കൂടുതലും ഇവിടെ ഒരു കുറ്റമാണ്. രാത്രി മുഴുവന്‍ കൂടുതല്‍ ചിന്തകളില്‍ ആയിരുന്നു വിവേക്‌. മരിച്ചത് ഭ്രാന്തനോ ഡോക്ട്ടറോ ആകട്ടെ. എനിക്കെന്തു വ്യത്യാസം എന്ന് ചിന്തിക്കാന്‍ അയാള്‍  ഒരുപാട് ശ്രമിച്ചു. മനസ്സ് പക്ഷെ ശാന്തമാകുന്നില്ല. 


അന്ന്  രാത്രി വിവേക്‌ സ്വപ്നത്തില്‍ ആശുപത്രിയിലേക്ക് കുതിച്ചു വരുന്ന ഒരു ട്രെയിന്‍ കണ്ടു നിലവിളിച്ചു . രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുകളിലൂടെ അത് കുതിച്ചു പാഞ്ഞു.രക്തം വാര്‍ന്നൊഴുകി ഏറെ പേര്‍ വിവേകിന്റെ മുന്നില്‍ പിടഞ്ഞു മരിച്ചു. 

പിറ്റേന്ന്  ഹല്‍ദിപൂര്‍ എന്ന നാട്ടിലേക്കുള്ള  ബസ്‌ യാത്രയില്‍ വിവേക്‌ ചിന്തിച്ചത് മുഴുവന്‍ ചില ജീവിത നിയോഗങ്ങളെ കുറിച്ചാണ്. എത്ര ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാലും ചിലതില്‍ നിന്നെല്ലാം നമുക്ക്‌ മോചനമില്ല. നൂറിലധികം കിലോമീറ്റര്‍ സഞ്ചരിച്ചു ഒറീസ്സയിലെ അറിയാത്ത വഴികളിലൂടെ മജ്നു എന്ന കാളീചരണ്‍ മല്ലിക്കിന്റെ  ഭൂതകാലം അന്യോഷിച്ചു അയാള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നതും അത്തരം ഒരു നിയോഗത്തിന്റെ ഭാഗമാകാം

ഹല്‍ദിപൂര്‍ ഒരു കൊച്ചു പട്ടണമാണ്.
വിലാസത്തില്‍ പറഞ്ഞ സ്ഥലത്തെത്താന്‍ അവിടെ നിന്ന് പിന്നെയും ഏറെ ദൂരം പോകേണ്ടിയിരുന്നു വിവേകിന് .ആളുകളേക്കാള്‍ കൂടുതല്‍ ചാക്ക് കെട്ടുകള്‍ കുത്തി നിറച്ച ഒരു മിനിബസ്‌ ആണ്  വിവേകിനെ അങ്ങോട്ടെത്തിച്ചത്. നെല്‍ വയലുകല്‍ക്കിടയിലൂടെയുള്ള ആ യാത്ര മറ്റൊരവസരത്തില്‍ ആണെങ്കില്‍ വിവേക്‌ ഏറെ ആസ്വദിക്കുമായിരുന്നു.

വിജനമായ ഒരിടത്താണ് വിവേക്‌ ബസ്‌ ഇറങ്ങിയത്. വരണ്ട് കിടക്കുന്ന നെല്‍പാടങ്ങള്‍ ഇരു വശത്തും ഉണ്ട്. റോഡില്‍ നിന്ന് ഏറെ അകലെ ഒരു കൊച്ചു കവല പോലെ തോന്നിയ ഇടത്തേക്ക് അയാള്‍ നടന്നു. ചതുരാകൃതിയില്‍ ഉള്ള ഒരു കിണര്‍ . ഒന്നോ രണ്ടോ മരങ്ങളും ചെറിയ ചായ്പ്പുകള്‍ പോലെയുള്ള കടകളും. കാളവണ്ടികളും കഴുതകളും ഉണ്ട് അവിടെ. പിന്നെ വളരെയധികം  ക്ഷീണിതര്‍ എന്ന് തോന്നിക്കുന്ന കുറച്ചു നാട്ടുകാരും .

കാളീചരണ്‍ മല്ലിക്ക് എന്ന പേര് അവിടെയുണ്ടാക്കിയ മാറ്റം വിവേകിനെ ഏറെ അമ്പരപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ആള്‍ക്കൂട്ടം അയാളെ വളഞ്ഞു. ഏതോ അന്യഗ്രഹ ജീവിയെ പോലെ അയാളെ ഉറ്റു നോക്കി നില്‍ക്കുകയാണ് അവര്‍ . നാടന്‍ ഭാഷയില്‍ ഉള്ള അവരുടെ സംഭാഷണം ഒന്നും അയാള്‍ക്ക്‌ മനസ്സിലാകുന്നുമുണ്ടായിരുന്നില്ല. വഴി ആരും പറഞ്ഞു തരാത്തതാണ് അയാളെ അസ്വസ്ഥനാക്കിയത് . പക്ഷെ അധിക നേരം അയാള്‍ക്കങ്ങനെ നില്‍ക്കേണ്ടി വന്നില്ല. പൊടി പറത്തി വന്ന ഒരു കാറില്‍ അയാള്‍ കയറിയതും രാജകൊട്ടാരം പോലുള്ള ഒരു വീടിനു മുന്നില്‍ അയാള്‍ എത്തിയതും വളരെ വേഗത്തിലായിരുന്നു. ആ ആള്‍ക്കൂട്ടം അവരെ പിന്തുടരുന്നും ഉണ്ടായിരുന്നു


1 comment:

Related Posts Plugin for WordPress, Blogger...