പതിവില്ലാത്ത ഒരു പേര് ഇ-മെയിലിന്‍റെ ഇന്‍ബോക്സില്‍ കണ്ടപ്പോഴാണ് ഓര്‍മ്മകള്‍ എട്ടു വര്‍ഷങ്ങള്‍ പുറകോട്ടോടിയത്.. രാമാനുജം എന്ന ആ പേര് ഇതിനിടയിലൊന്നും ഓര്‍ത്തിട്ടുണ്ടായിരുന്നില്ലല്ലോ എന്ന് ഇത്തിരി അമ്പരപ്പോടെ ചിന്തിച്ചു . വളരെ കുറഞ്ഞ വാക്കുകളില്‍ ഒരു കുശലാന്വഷണം.. പിന്നെ ഒന്ന് കാണാന്‍ പറ്റുമോ എന്ന ആവശ്യം. അടിയില്‍ സിഗ്നേച്ചര്‍ ആയി നല്‍കിയിരിക്കുന്നത് വായിച്ചു:
Dr. പാര്‍ഥി രാമാനുജം , അസി. സയന്റിസ്റ്റ് .
സെന്‍ട്രല്‍ കെമിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിട്ട്യൂട്ട് - ചെന്നൈ
മറുപടി ടൈപ്പ് ചെയ്യാനുള്ള വെള്ള സ്ക്രീനിലേക്ക് ഉറ്റു നോക്കിയിരുന്നു കുറെ നേരം ..
************
മാര്‍ച്ച് മാസത്തിലെ തിരുച്ചിയിലെ കൊടുംചൂടിനെ ചെറുക്കാന്‍ വഴിയരികിലെ അക്കയുടെ ഉന്തുവണ്ടിയില്‍ നിന്നും സാതുക്കുടി വാങ്ങി കഴിക്കുമ്പോഴാണ് തളര്‍ന്നവശനായി എന്നെ തേടിവരുന്ന രാമാനുജത്തിനെ കണ്ടത് . സ്വതവേ താഴ്ന്ന അവന്റെ തല കുറച്ചു കൂടെ താഴ്ത്തിയിരിക്കുന്നു.
" റൊമ്പ വെക്കമായിരിക്കാതടാ .. ഇന്ത ഇന്സള്‍ട്ട് എനക്ക് താങ്ങ മുടിയാത് !"
" എത്രയോ തവണയായി നിന്നോട് പറയുന്നു. എന്തിനാ നീ അവളുടെ മുന്നില്‍ താഴ്ന്നു കൊടുക്കാന്‍ പോകുന്നത് ? "
" എനിക്കവളെ ഒരുപാടിഷ്ടാ അതാ.. "
അവന്റെ നിഷ്കളങ്കതയിലേക്ക് നോക്കി കൂടുതല്‍ ഒന്നും പറയാന്‍ തോന്നിയില്ല .
" എന്നിട്ട് എവിടെ അവള്‍ ?"
" കൊത്തുപൊറോട്ട കഴിച്ചിരിക്കുന്നുണ്ട് "
അവന്റെ ദയനീയതയെ പരിഹസിക്കാനാകാത്തത് കൊണ്ട് കുമരഭവന്‍ ഹോട്ടലിന് നേരെ നടന്നു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് വര്‍ക്കിന്റെ തിരക്ക് ഹോട്ടലിലും പ്രതിഫലിക്കുന്നുണ്ട് .
" വൈ അനുഷാ? വൈ യു ഇന്സള്‍ട്ട് ഹിം?"
ചെവിയില്‍ ഇയര്‍ ഫോണ്‍ തിരുകി സ്വതവേ ഉള്ള നിസ്സംഗഭാവത്തിലാണ് അവള്‍ ..
" ഓ.. പുവര്‍ ഗയ്.. പ്രേമവും കൊണ്ട് നടക്കുകയാ. പറഞ്ഞാല്‍ മനസ്സിലാകണ്ടേ ."
" ഒന്ന് അഡ്ജസ്റ്റ് ചെയ്തു കൂടെ? " അവളുടെ പുച്ഛഭാവത്തെ പുഞ്ചിരിയിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ചു ചോദിച്ചു
" നിനക്ക് കൊത്തുപൊറോട്ട വേണേല്‍ ഒരു പ്ലേറ്റ് വാങ്ങിപ്പിച്ചോ.. ഞാന്‍ രണ്ടു പഞ്ചാര വാക്ക് പറഞ്ഞു സുഖിപ്പിച്ചോളാം"
ഹോട്ടലിനു പുറത്തു വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന അവനെ നോക്കി ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു .
" ഞാന്‍ നിന്നെ പോലെ ഒരു ഫ്ലിര്‍ട്ട് അല്ലാ ". രൂക്ഷമായി പ്രതികരിച്ചു ഞാന്‍ തിരിച്ചു നടന്നു..
"നീ ആരാണെന്നു എനിക്ക് നന്നായി അറിയാം " രൂക്ഷമായി തന്നെ അവളുടെ പ്രതികരണം പുറകില്‍ കേട്ടു. കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കുമ്പോള്‍ രാമാനുജം അവളുടെ മുന്നില്‍ ഇരിക്കുന്നത് കണ്ടു
************
"അടുത്ത ആഴ്ച ഞാന്‍ ചെന്നൈയില്‍ വരുന്നുണ്ട് . നിന്റെ ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യുക .. " മറുപടി ടൈപ്പ് ചെയ്ത് കട്ടിലിലേക്ക് ചുരുണ്ട് കൂടി. പുറത്തു പാടത്ത് ഇടവപ്പാതി തകര്‍ത്തു പെയ്യുകയാണ്. ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിലേക്ക് നോക്കി. മുഷിഞ്ഞ വെള്ളി കടലാസില്‍ പൊതിഞ്ഞ പ്രൊജക്റ്റ് ബുക്കിന്റെ പേര് പതിയെ വായിച്ചു. "Pesticides and its impact on paddy field water at Thanjavur Dist."
************
" ഇന്നെങ്കിലും പ്രൊജക്റ്റ് അന്വേഷിക്കാന്‍ നീ വരുന്നുണ്ടോ ?"
തന്റെ പ്രോജക്റ്റിന്റെ അവസാന മിനുക്ക്‌പണി എന്ന നിലയില്‍ ഫോട്ടോ ഒട്ടിക്കുന്നതിനിടയില്‍ നിന്ന് മുഖമുയര്‍ത്തി രാമാനുജം ചോദിച്ചു. കൂടെയുണ്ടായിരുന്ന 'മല്ലു'സെല്ലാം പ്രോജെക്ടിനു വേണ്ടി നാട് വിട്ടത് കൊണ്ട് അവന്റെ ഒറ്റ റൂമിലേക്ക് താമസം മാറിയിട്ട് അധികം ആയിട്ടില്ല. പൂര്‍ത്തിയാകാറായ അവന്റെ പ്രൊജെക്ടിനെ അസൂയയോടെ ഒന്ന് നോക്കി എണീറ്റിരുന്നു.
"പെസ്റ്റിസൈഡില്‍ ആരും പ്രൊജക്റ്റ് ചെയ്യുന്നില്ല. നമുക്ക് പോയി ഡോ. സെന്തില്‍ കുമാറിനെ കണ്ടാല്‍ റെഡിമെയ് ടു
പ്രൊജക്റ്റ് കിട്ടും" അവന്റെ ഉപദേശം സ്വീകരിച്ചേ പറ്റു..
ഫോര്‍ട്ട് റോഡിലെ തിരുച്ചി നഗരത്തിന്റെ വൃത്തികേടുകള്‍ മുഴുവന്‍ പേറുന്ന തെരുവില്‍ ഡോ. സെന്തില്‍ കുമാറിന്റെ വീടന്വേഷിച്ചു കുറെ നടന്നു. നിര നിരയായി വില്‍ക്കാന്‍ വച്ചിരിക്കുന്ന മല്ലിപ്പൂക്കള്‍ തെരുവിന്റെ ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
അവസാനം വീട് കണ്ടു പിടിച്ചപ്പോള്‍ ആള്‍താമസമുള്ള ഒരു വീടായി തോന്നിയില്ല. കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ അകത്തു നിന്ന് കയറി വരാനുള്ള ക്ഷണം. ഡോക്റ്റര്‍ക്ക് പുറമേ ഒരു പെണ്കുട്ടിയുമുണ്ട് മുറിയില്‍ .
ആഗമനോദ്ധേശം അറിയിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് ആ പെണ്‍കുട്ടിക്ക് നേരെ കൈ ചൂണ്ടി.
" ഇത് അനുഷ . ഇതേ വിഷയത്തില്‍ പ്രൊജക്റ്റ് ചെയ്യാന്‍ വന്നതാ. ആദ്യം വന്നവര്‍ക്കല്ലേ പരിഗണന കൊടുക്കേണ്ടത് ?"
ഡോക്റ്ററുടെ കണ്ണുകളിലെ വൃത്തികെട്ട തിളക്കം അവഗണിച്ചു നിരാശരായി ഇറങ്ങി നടന്നു.
" ഒന്ന് നില്‍ക്കു.. ഏതു കോളജില്‍ നിന്നാണ് ?"
അനുഷ പുറകെ വന്നു ചോദിച്ചു. മറുപടി പറഞ്ഞു
" അത് ഭാരതി ദാസന്‍ യുനിവേര്‍സിറ്റി അല്ലേ . ഞാന്‍ കാവേരി യുനിവേര്‍സിറ്റി ആണ്. അപ്പോള്‍ നമുക്ക് ഒരേ പ്രൊജക്റ്റ് ചെയ്യാലോ. പണിയും പകുതി കുറയും."
ഒഴുക്കുള്ള ഇംഗ്ലീഷ്ലാണ് സംസാരം. വെളുത്തു മെലിഞ്ഞ മുഖം. ജീന്‍സ് പാന്റും വെള്ള ഷര്‍ട്ടും ആണ് വേഷം. മുറ്റത്ത് കാണുന്ന സ്കൂട്ടി അവളുടേതാകും എന്നൂഹിച്ചു.
" Thats good idea .." മറുപടി പറഞ്ഞത് രാമാനുജമായിരുന്നു. എന്റെ പണി ഇനി പകുതിയല്ല , പൂര്‍ണമായും കുറയുകയാണ് എന്ന് അപ്പോള്‍ ഞാന്‍ ഒട്ടുമോര്‍ത്തില്ല. പിന്നെ അവന്റെ മുറിയിലെ നീണ്ട വിശ്രമദിനങ്ങളായി എന്റെ പ്രൊജക്റ്റ് കാലം നീങ്ങി. ഇടയ്ക്ക് കുമരഭവനില്‍ ചായ കുടിക്കാന്‍ അവര്‍ക്കൊപ്പം പോകല്‍ മാത്രമായി എന്റെ പ്രൊജക്റ്റ് വര്‍ക്ക്....... അനുഷയുടെ സ്നേഹം ലഭിക്കാനുള്ള രാമാനുജത്തിന്റെ പ്രവര്‍ത്തികള്‍ പലപ്പോഴും എനിക്ക് പോലും അരോചകമായി തോന്നി. അനുഷയെ ഇതിനിടയില്‍ ഞാന്‍ കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നതിനാല്‍ പ്രത്യേകിച്ചും.. അവളുടെ സവിശേഷതകള്‍ ഉള്‍കൊള്ളാന്‍ ആവുന്നിടത്തോളം രാമാനുജം ഒരിക്കലും വളരില്ലെന്നു എനിക്കുറപ്പായിരുന്നു.
" ഇന്ന് പ്രൊജക്റ്റ് പ്രിന്റ് ചെയ്തു കിട്ടും. അനുഷ ഇങ്ങോട്ട്ടു വരും. അതിനു മുന്‍പ് ഞാന്‍ വാങ്ങി വരാം "
ഒരു ദിനം ഉച്ച വരെയെത്തിയ എന്റെ ഉറക്കത്തെ മുറിച്ചത് അവന്റെ ശബ്ദമാണ്.
" അനുഷ എപ്പോള്‍ വരും?"
" നാല് മണിക്ക് വരാം എന്നാ പറഞ്ഞത്.അപ്പോഴേക്കും തിരിച്ചെത്തണം. ഞാനിറങ്ങുന്നു "
സമയം നോക്കി. ഒരു മണിയാകുന്നു.
മൊബൈല്‍ ബെല്‍ ശബ്ദിച്ചു. എടുത്തു. അനുഷയാണ് .
" എത്ര നേരമായി വിളിക്കുന്നു. ഞാനിപ്പോള്‍ അങ്ങോട്ട് വരുന്നു.."
" നാലു മണിക്കാണ് എന്നാണല്ലോ രാമാനുജം പറഞ്ഞത്.." മറുപടി പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ അവള്‍ ഫോണ്‍ വെച്ചു.
പുതപ്പിനുള്ളിലേക്ക് വീണ്ടും നൂഴ്ന്നു കയറി മയങ്ങുന്നതിനിടയില്‍ എപ്പോഴോ പുറത്തു അവളുടെ സ്കൂട്ടിയുടെ ശബ്ദം കേട്ടു.
കൃത്യം നാല് മണിക്ക് തന്നെ രാമാനുജം തിരിച്ചെത്തുമ്പോള്‍ റൂമിന് പുറത്തിരുന്നു ചായ കുടിക്കുകയായിരുന്നു ഞങ്ങള്‍ .
" എപ്പോള്‍ എത്തി?" അവന്റെ കണ്ണുകളില്‍ സംശയം.
" അഞ്ചു മിനിറ്റ് ആകുന്നു" അനുഷ മനോഹരമായി തന്നെ കള്ളം പറയുന്നു.
അവന്റെ കണ്ണുകള്‍ എന്റെ നേര്‍ക്ക് നീണ്ടു. ഞാന്‍ തല താഴ്ത്തി.
വെള്ളി പേപ്പറില്‍ പൊതിഞ്ഞ റിക്കോര്‍ഡ് പുസ്തകങ്ങള്‍ എടുത്തു അവന്‍ രണ്ടു പേര്‍ക്കും നീട്ടി. കൂടുതല്‍ ഒന്നും പറയാതെ അനുഷയും ഇറങ്ങി.
മുറിയില്‍ കയറിയപ്പോള്‍ ബാഗില്‍ വസ്‌ത്രങ്ങള്‍ കുത്തി നിറയ്ക്കുകയാണ് അവന്‍ . ബാഗ് തോളിലിട്ടു ഇറങ്ങുന്നതിനു മുന്‍പ് മുറിയില്‍ അനുഷ മറന്നു വച്ച തൂവാലയിലേക്ക് അവന്‍ ഉറ്റു നോക്കി. പിന്നെ അതെടുത്തു കയ്യില്‍ വെച്ച് ഒന്നും മിണ്ടാതെ ഇറങ്ങി.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം പ്രഭാതത്തില്‍ നന്പാ.. എന്ന അവന്റെ വിളി കേട്ടാണ് ഞാന്‍ ഉണരുന്നത്. നിറഞ്ഞ ചിരിയുമായി വാഴയിലയില്‍ പൊതിഞ്ഞ പൊങ്കല്‍ രണ്ടു പാത്രത്തിലേക്ക് പങ്കു വെക്കുകയാണ് അവന്‍ . എനിക്ക് നീട്ടിയ പാത്രം വാങ്ങി അവന്റെ മുന്നില്‍ ഇരുന്നു. കഴിക്കുന്നതിനിടയില്‍ അവന്റെ പാത്രത്തില്‍ നിന്ന് കുറച്ചു പങ്കു കൂടെ അവന്‍ എന്റെ പാത്രത്തിലിട്ടു..
******************
ഇടിച്ചു നിര്‍ത്തിയ പോലെ വരിവരിയായി കിടക്കുന്ന ട്രെയിനുകള്‍ക്ക് മുന്നിലൂടെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റേറഷന്‍റെറ പ്രധാന പ്ലാറ്റ്ഫോമിലേക്ക് നടന്നു. മൊബൈല്‍ എടുത്തു വിളിക്കാന്‍ തുടങ്ങുന്നതിനെ മുന്‍പ് തന്നെ ഇങ്ങോട്ട് കാള്‍ വന്നു. എ ടി എം കൌണ്ടറിനു മുന്നില്‍ നിന്നിരുന്ന രാമാനുജത്തിനെ
ഓര്‍മയിലെ പഴയ രാമാനുജവുമായി ഒത്തു നോക്കി തിരിച്ചറിയാന്‍ കുറച്ചു സമയമെടുത്തു. എന്തെങ്കിലും പറയുന്നതിന് മുന്‍പേ എന്റെ ബാഗ് പിടിച്ചു വാങ്ങി ടാക്സിക്ക് നേരെ നടന്നു. വഴിയിലുടനീളം എന്നെ കുറിച്ച് മാത്രം ചോദിച്ചു കൊണ്ടിരുന്നു. അവനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടിയൊന്നും കിട്ടിയില്ല.
കുറച്ചു പഴയ ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ ഇടത്തരം ഫ്ലാറ്റ്. ഫാമിലി ഉള്ളതിന്റെ ലക്ഷണം ഒന്നും കാണുന്നില്ല.
" ഫ്രഷ് ആയിക്കോ .." അവന്‍ ബാത്ത് റൂമിന് നേരെ ചൂണ്ടി. " ഇന്ന് വൈകുന്നേരം തന്നെ നമ്മള്‍ തഞ്ചാവൂര്‍ പോകുന്നു "
മൊബൈല്‍ ഷെല്‍ഫിലേക്ക് വെക്കാന്‍ തുനിഞ്ഞപ്പോളാണ് മുകളിലെ ഷെല്‍ഫില്‍ ഒറ്റപ്പെട്ടു കിടക്കുന്ന പുസ്തകം ശ്രദ്ധിച്ചത്.
' The Lust for Life - Irving Stone ' കൈ അറിയാതെ ആ ബുക്കിന് നേരെ നീണ്ടു...
**************************
" അപ്പോള്‍ അടുത്ത ആഴ്ച്ച നീ പോകും. ഇനി എന്നെങ്കിലും തമിഴ്നാടിലേക്ക് വരുമോ ?"
ബിഷപ്പ് കോളജിനു മുന്നിലെ വഴിയില്‍ നിന്നും പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന തെരുവിലേക്ക് തിരിയുന്നതിനിടയില്‍ അനുഷ ചോദിച്ചു.
മറുപടിയൊന്നും പറഞ്ഞില്ല
"രാമാനുജത്തെ എന്നെങ്കിലും പരിഗണിക്കാന്‍ നിനക്കാകുമോ ?" ചോദ്യം ഒട്ടും ഇഷ്ടപ്പെടാത്ത മട്ടില്‍ അവളെന്നെ നോക്കി. വായില്‍ ചവച്ചു കൊണ്ടിരുന്ന ചുയിംഗം ആഞ്ഞു തുപ്പി കാലു കൊണ്ട് അമര്‍ത്തി ചവിട്ടി.
അവളില്‍ നിന്ന് മുഖം തിരിച്ചു നിരത്തി വച്ചിരുന്ന പഴയ പുസ്തകങ്ങളിലേക്ക് നോക്കി.
" നീ എനിക്കൊരു പുസ്തകം വാങ്ങി താ.. ഒരു ഓര്‍മയ്ക്ക് "
അവള്‍ക്കു വാങ്ങികൊടുക്കാന്‍ പറ്റിയ ബുക്ക് ഒന്നും കണ്ടില്ല. തിരച്ചില്‍ നിര്‍ത്താന്‍ ഒരുങ്ങുമ്പോഴാണ് Irving Stoneന്റെ പുസ്തകം കയ്യില്‍ തടഞ്ഞത്
" ഈ പേര് കാരണം ആണോ നീ ഇത് എനിക്ക് വാങ്ങി തന്നത് -The Lust for Life ?"
" അല്ല ഞാന്‍ വായിച്ചിട്ടുള്ളതാണ്. നീ വായിക്കണം എന്ന് തോന്നി "
യാത്ര പറഞ്ഞു പോകുന്നതിനിടയില്‍ പെട്ടെന്ന് തിരിച്ചു വന്നു ബുക്ക് എനിക്ക് നേരെ നീട്ടി.
"ആദ്യ പേജില്‍ ഒരു ഒപ്പിട്ടു തന്നേക്ക് "
With love എന്നെഴുതി ഒപ്പിട്ടു.. അതും വാങ്ങി അവള്‍ നടന്നു.. തിരിഞ്ഞു നോക്കാതെ.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ടീ ഗാര്‍ഡനില്‍ എന്നെ നാട്ടിലേക്ക് കയറ്റി വിടാന്‍ വന്ന രാമാനുജത്തോട് അല്പം സഹതാപത്തില്‍ ഞാന്‍ ഒന്നുപദേശിച്ചു.
"മറന്നേക്കു എല്ലാം"..
നിനക്കെത്തിപ്പിടിക്കാനാകുന്നതിലും ഒരുപാട് മുകളിലാണ് അവള്‍ എന്ന് മനസ്സില്‍ പറഞ്ഞു..
മറുപടി അവനൊരു പുഞ്ചിരിയിലൊതുക്കി.
***************************
പഴകി തുടങ്ങിയ പുറംചട്ടയില്‍ പതിയെ തലോടി ആദ്യ പേജ് മറിച്ചു നോക്കി. തന്റെ ഒപ്പ് മാഞ്ഞു തുടങ്ങിയിരിക്കുന്നു. രാമാനുജം അടുത്ത് വന്നു. ഷെല്‍ഫിന്റെ പുറകില്‍ നിന്നും ഫ്രെയിം ചെയ്തു വച്ച ഒരു ഫോട്ടോ മുന്നിലേക്ക് നീക്കി വച്ചു. അനുഷയുടെ കണ്ണില്‍ പഴയ അതേ തിളക്കം.. രാമാനുജത്തിനാകട്ടെ ആ ദൈന്യഭാവം വിവാഹ ഫോട്ടോയിലും വിട്ടു പോയിട്ടില്ല..
കൂടുതല്‍ ഒന്നും ചോദിക്കാതെ കുളി മുറിയിലേക്ക് നടന്നു..
അപ്പോള്‍ അതാണ്.. അവന്‍ അനുഷയെ വിവാഹം കഴിച്ചിരിക്കുന്നു. ആ വിജയം എന്നെ കാണിക്കാനാണ് വിളിച്ചു വരുത്തിയത്. മനസ്സില്‍ എന്തോ ഭാരം നിറഞ്ഞ പോലെ. പക്ഷെ ആ ഫോട്ടോക്ക് കുറച്ചു വര്‍ഷങ്ങളുടെ പഴക്കം കാണും. അപ്പോള്‍ അന്നൊന്നും എന്നെ അറിയിക്കാതെ ഇപ്പോള്‍ എന്തിനായിരിക്കും??
എങ്കിലും എങ്ങനെ, ഏതു സാഹചര്യത്തിലാകും അനുഷ അവനെ കല്യാണം കഴിക്കാന്‍ സമ്മതിച്ചത്?
ശരീരത്തിലൂടെ ഒഴുകുന്ന വെള്ളം മനസിനെ തണുപ്പിച്ചില്ല. വര്‍ഷങ്ങളായി ഓര്‍മയില്‍ ഉണ്ടായിരുന്നിട്ടെ ഇല്ലാത്ത രണ്ടു പേര്‍ക്ക് ഇപ്പോള്‍ മനസ്സിനെ അസ്വസ്ഥമാക്കാന്‍ കഴിയുന്നു..
തഞ്ചാവൂര്‍ലേക്കുള്ള യാത്രയിലുടനീളം നിശബ്ദരായിരുന്നു ഞങ്ങള്‍ . ഇടക്കെപ്പോഴോ റിസര്‍ച്ച് ഒരു വിഷയമായപ്പോള്‍ അവന്‍ വാചാലനായതൊഴിച്ചാല്‍ ..
തഞ്ചാവൂര്‍ നിന്നും അയ്യംപേട്ടയിലേക്കുള്ള ബസിനു നേരെ നടക്കുമ്പോളാണ് ഓര്‍ത്തത്. .
" കുട്ടികള്‍ ?"
" ഒരു പെണ്‍കുട്ടി. രണ്ടു വയസ്സ്. "
കടയില്‍ നിന്നും കുറച്ചു ചോക്കലേറ്റ് വാങ്ങി കയ്യില്‍ കരുതി...
കാലവര്‍ഷം ഒന്നെത്തി നോക്കാഞ്ഞിട്ടും പച്ചവിരിച്ചു നില്‍ക്കുന്ന പാടവരമ്പിലൂടെ നടന്നു. നടവഴിയില്‍ നിന്നും കുറച്ചുയരത്തിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന വീടിനു നേരെ തിരിഞ്ഞപ്പോഴേ കുഞ്ഞ് ഓടി വന്നു.
" അനുഷ ചെറുതായ പോലെ " ആത്മഗതം അറിയാതെ പുറത്തു വന്നു..
" അതെ അവള്‍ക്കു അനുഷയെപ്പോലെയേ ആകാന്‍ പറ്റു .. എന്നെ പോലെ ആകരുതല്ലോ.." രാമാനുജത്തിന്റെ മറുപടിയില്‍ കയ്പ്.
മടി കൂടാതെ അടുത്ത് വന്ന കൊച്ചനുഷയെ എടുത്തു വരാന്തയിലേക്ക് കയറുമ്പോള്‍ കണ്ണുകള്‍ അനുഷയെ തേടി.
അമ്മ കൊണ്ട് വന്ന മോര് വെള്ളം കുടിച്ചിരിക്കുമ്പോഴാണ് രാമാനുജം അകത്തേക്ക് ക്ഷണിച്ചത്
മുറിയില്‍ അനുഷയുടെ മുഖത്ത് പഴയ അതെ നിസ്സംഗഭാവം.. പക്ഷെ അവളുടെ ഫോട്ടോക്ക് മുകളില്‍ ചാര്‍ത്തിയ ജമന്തി മാലയും എരിച്ചു വച്ചിരിക്കുന്ന എണ്ണ തിരിയും ആ നിസ്സംഗഭാവത്തെ മായ്ച്ചു കളയുന്നു.
" മകളുണ്ടായ ശേഷം Phd പൂര്‍ത്തിയാക്കാന്‍ പോയതാ അവള്‍ . ഹോസ്റ്റലിലെ മുറിയില്‍ നിന്ന് ഈ കുറിപ്പാണ് അവസാനമായി കിട്ടിയത്. നീ കൊടുത്ത പുസ്തകത്തിലായിരുന്നു ഇത് "
വിറയ്ക്കുന്ന കയ്യോടെ ആ കുറിപ്പ് വാങ്ങി
ഇംഗ്ലീഷില്‍ വ്യക്തമായ കൈപ്പട
'My lust for life made me bad . So am going . Good bye '
" അടുത്ത് കീറിപറിച്ച നീ ലയില്‍ അവളുടെ Phd റിപ്പോര്‍ട്ടും ഉണ്ടായിരുന്നു"
രാമാനുജത്തിന്റെ മിഴികള്‍ ഒരുത്തരം തേടുന്ന പോലെ എന്റെ മുഖത്തേക്ക് നോക്കി. ഞാനോ ഒരുപാടു ചോദ്യങ്ങള്‍ക്കുത്തരം തേടി അനുഷയുടെ ചിത്രത്തിലേക്ക് ഉറ്റു നോക്കുകയായിരുന്നു ...
====================================