പ്രിയരേ..ആകാശം നഷ്ടപ്പെട്ട പറവകള്‍ എന്ന കഥയുടെ നിരൂപണം ബൂലോകത്തിലും ഇരിപ്പിടത്തിലും വായിക്കാം .

Saturday, 30 March 2013

തളിരില വര്‍ണ്ണങ്ങള്‍ ...

തീര്‍ത്തും തെളിഞ്ഞ പ്രഭാതമാണ് അന്ന്. തെരുവില്‍ ആളുകള്‍ വന്നു തുടങ്ങുന്നേ ഉള്ളൂ.. അത്രയും നേരത്തെ തന്നെ റസ്റ്റോറന്റില്‍ പോകുന്ന പതിവില്ല ഹിസോകക്ക്.. പക്ഷെ അന്നത്തെ ദിനം വ്യത്യസ്തമാണ്.. അയാള്‍ ഒരേ സമയം ആഹ്ലാദവാനും അസ്വസ്ഥനുമാണ്. അതാണയാള്‍ മുന്‍പില്‍ രണ്ടു കപ്പുകളിലായി പകര്‍ന്ന ഇളം പച്ച നിറത്തിലുള്ള ചായയിലേക്കും  രണ്ടാമത്തെ കപ്പിന്റെ ഉടമസ്ഥയുടെ മിഴികളിലേക്കും മാറി മാറി നോക്കിക്കൊണ്ടിരിക്കുന്നത്

"ഇന്നും പ്രഭാതം ശാന്തമാണല്ലെ കിയോമി? "

അല്‍പ്പം ഔപചാരികതയോടെയാണ് അയാള്‍ സംസാരം തുടങ്ങിയത് .. അതവള്‍ക്ക്
ഇഷ്ടമായില്ല എന്ന് ആ കണ്ണുകള്‍ അവനോടു പറഞ്ഞു

"ശാന്തതയുടെ ആവരണം മാത്രം.. നമ്മുടെ നാട് ഇന്നും കലുഷിതമാണ്.. ഇനിയും അവസാനിക്കാത്ത യുദ്ധം നല്‍ക്കുന്ന  ശാന്തമായ പ്രഭാതങ്ങള്‍ മിഥ്യാധാരണകള്‍ മാത്രമാണ്"

അവളുടെ കൈകളില്‍ മുറുക്കിപ്പിടിച്ച മിലിട്ടറി തപാല്‍ മുദ്രയുള്ള കത്തിനെ അയാള്‍ കണ്ടില്ലെന്നു നടിച്ചു.
"നമ്മുടെ ഈ പ്രഭാതം നീ ചിലവഴിക്കുന്നത് യുദ്ധത്തെ കുറിച്ച് പറയാനോ. അതോ നമ്മുടെ പ്രണയയാത്ര ആരംഭിക്കാനോ"

അയാളുടെ ചോദ്യം അവളുടെ ഭാവത്തെ ഒന്ന്  മാറ്റി..  നേര്‍ത്തൊരു പ്രണയഭാവം അവളില്‍ വിടര്‍ന്നു തുടങ്ങി..
"ഇവിടെ ഈ പ്രഭാതത്തിന്റെ സുരക്ഷിതത്വത്തില്‍ നമ്മളിരിക്കുന്നത് ഈ യുദ്ധത്തിന്റെ നേട്ടമാണ് കിയോമി. യുദ്ധഭൂമിയിലെ ഓരോ അസ്വസ്ഥതയിലും അവര്‍ പ്രതീക്ഷിക്കുന്നത് നമ്മുടെ ഈ സമാധാനം തന്നെയാണ് "
അവളുടെ കൈകളിലെ കത്തിലേക്ക് മിഴിയൂന്നിയാണ് അവന്‍ പറഞ്ഞത്..

അവളാ കത്ത് പെട്ടെന്ന് ബാഗിലേക്ക് മാറ്റുകയും മുന്നിലെ ചായക്കപ്പ് ഒരു പുഞ്ചിരിയോടെ ചുണ്ടോടു ചേര്‍ക്കുകയും ചെയ്തു

തീര്‍ച്ചയായും കിയോമി സുന്ദരിയാണ്. മനോഹരമായി അവള്‍ വസ്ത്രം ധരിച്ചുമിരിക്കുന്നു..പ്രഭാതത്തിന്റെ അരുണിമയും പ്രണയത്തിന്റെ തിളക്കവും അവളുടെ മുഖത്തെ കൂടുതല്‍ ദീപ്തമാക്കിയിരിക്കുന്നു.

"എന്താണത് !!.??

രണ്ടു പേരും ഒന്നിച്ചാവണം ചോദിച്ചത്.. അകലെ ഒരു പ്രകാശത്തിന്റെ തീവ്രത.. ഒരു നിമിഷം അവരിലൂടെ എന്തോ കടന്നു പോയ പോലെ..
തന്നെ നോക്കുന്ന കിയോമിയുടെ മിഴികളില്‍ ഭീതി കണ്ടു ഹിസോകാ..
ആ മിഴികളില്‍ നിന്നും താഴേക്ക്‌ നോക്കിയ ഹിസോക്കയും നടുങ്ങി.. കിയോമിയുടെ വസ്ത്രങ്ങള്‍ മുഴുവന്‍ കീറിപ്പറിഞ്ഞിരിക്കുന്നു.. ഓരോ കീറലുകളിലൂടെയും കിനിഞ്ഞിറങ്ങുന്ന രക്തം.. സുന്ദരമായ ആ ശരീരം ആരോ കീറിപ്പറിച്ച പോലെ...

"എന്താണിത്.. എന്ത് പറ്റി നിനക്ക് കിയോമി "
"എനിക്കല്ല നിനക്കാണ്.. ഹിസോകാ..  " അവളുടെ ശബ്ദം ഇടറുന്നു.

സ്വന്തം ശരീരത്തിലെ മുറിവുകളിലൂടെ പുറത്തേക്കൊഴുകുന്ന രക്തം അപ്പോള്‍ മാത്രമാണയാള്‍ ശ്രദ്ധിക്കുന്നത്..
അയാളുടെ മിഴികള്‍ ചുറ്റും പരതി.. തകര്‍ന്നു പോയ ഗ്ലാസ്സുകള്‍ .. തെരുവുകളില്‍ പരിഭ്രമത്തോടെ ഇറങ്ങി വരുന്ന മുറിവേറ്റ മനുഷ്യര്‍ .. തെളിഞ്ഞ പ്രഭാതത്തിനു മുകളില്‍ ഇരുളിന്റെ കട്ടിയുള്ള ആവരണം വന്നു വീണിരിക്കുന്നു.. കാഴ്ചകള്‍ വ്യക്തമല്ല.
ഒരു കാര്യം മാത്രം ഏറെ ശ്രദ്ധേയം..
മരണം പോലുള്ള നിശബ്ദത..
"വാ കിയോമി.. നമുക്ക്.. ആശുപത്രിയില്‍ ...."
വീണ്ടും ഒരു തീവ്രദ്യുതി...

ഹിസോക നീട്ടിയ കൈകളില്‍ പിടിക്കാനാവാതെ തളര്‍ന്നു താഴെ വീണു പോയി  കിയോമി. തറയില്‍ വീണുടഞ്ഞ കപ്പിലെ ചായയിലേക്ക് പടര്‍ന്ന രക്തം അതിന്റെ നിറം ചുവപ്പാക്കിയിരിക്കുന്നു..
തനിക്കെന്താണ് സംഭവിച്ചത് എന്ന് പൂര്‍ണ്ണമായി തിരിച്ചറിയുന്നതിനു മുന്‍പ് ഹിസോകയും മരണത്തിന്റെ തണുപ്പിലേക്ക്  യാത്രയായിരുന്നു.

മരണത്തിനൊരല്‍പ്പം സമയം കൂടി അവര്‍ക്ക് കൊടുക്കാമായിരുന്നു.. തങ്ങള്‍ എന്തിനു മരിക്കുന്നു എന്ന് മനസ്സിലാക്കാനല്ല.. അതവര്‍ക്കൊരിക്കലും മനസ്സിലാകില്ല.. തങ്ങള്‍ എങ്ങനെ മരിച്ചു എന്ന് തിരിച്ചറിയാനെങ്കിലും.....

അന്ന് ആഗസ്റ്റ്‌ ആറാം  തീയതിയായിരുന്നു..
മേശയിലെ അവശേഷിച്ച ചായയുടെ നിറം തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം ഇരുള്‍ പടര്‍ന്നിരുന്നു അപ്പോള്‍
അന്നത്തെ  പ്രഭാതം ഒമ്പത് മണി കഴിഞ്ഞേ ഉള്ളൂ എന്ന് നഗരത്തിലെ കണ്ണാടിക്കൂട് ഉടഞ്ഞ  ഘടികാരം ആര്‍ക്കും വേണ്ടിയല്ലാതെ കാണിച്ചു കൊണ്ടിരുന്നു.. 

********************************
അതിനും ഒരു മണിക്കൂര്‍ മുന്‍പ് അതിര്‍ത്തി സേനയുടെ തീരദേശ ഓഫീസില്‍ ജനറല്‍ ഹിരോക്കിയും ക്യാപ്റ്റന്‍ അകിറയും പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു.. മകളുടെ ജീവിതത്തിലെ ഒരു പ്രധാന തീരുമാനം നല്‍കിയ സന്തോഷത്തിലാണ് ഹിരോക്കി.. രണ്ട് മൂന്നു ദിവസങ്ങളായി യുദ്ധത്തില്‍ നേടുന്ന മുന്നേറ്റവും അദ്ദേഹത്തെ സന്തോഷിപ്പിച്ചിരിക്കണം
അപ്പോഴാണ്‌ റഡാര്‍ അസിസ്റ്റന്റ്‌ കിഴക്കന്‍ തീരത്തേക്കടുക്കുന്ന ഒരു യുദ്ധവിമാനം കണ്ടതായി അറിയിച്ചത് . ഒരെണ്ണമേയുള്ളൂ.. നിരീക്ഷണ വിമാനമാകാം..

"നമുക്ക് വീഴ്ത്താന്‍ ശ്രമിച്ചാലോ ? അകിറ ചോദിച്ചു

"വേണ്ട.. ജനവാസ കേന്ദ്രത്തില്‍ അത് തകര്‍ന്നു വീഴുന്നത് കൂടുതല്‍ അപകടമാണ്.."
ജനറല്‍ ഹിരോക്കിയല്ല, ഹിരോക്കി എന്ന പിതാവാണ് അപ്പോള്‍ തീരുമാനമെടുത്തത്..|
ആ വിമാനം വഹിച്ചു കൊണ്ട് വരുന്ന വലിയൊരു ദുരന്തം സ്വന്തം തീരത്ത് തീമഴ പെയ്യിക്കുമെന്നു അപ്പോള്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നല്ലോ ..  

 

ഇരുവരെയും പറഞ്ഞയച്ചു കൌചാ* മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹിരോക്കിക്ക് അത്  കൂടുതല്‍ ഇരുണ്ടതായും കൂടുതല്‍ ചവര്‍പ്പുള്ളതായും തോന്നി. കുടിക്കാതെ അദ്ദേഹം അത് ഒഴിച്ച് കളഞ്ഞു ...

 ********************************

മണിക്കൂറുകള്‍ക്ക് ശേഷം അമേരിക്കന്‍ നേവല്‍ ബെയ്സിന്റെ പേള്‍ ഹാര്‍ബര്‍ യൂണിറ്റില്‍ നടക്കുന്ന ആഘോഷങ്ങളില്‍ നിന്നൊഴിഞ്ഞു എകനായിരിക്കുകയാണ് സബ്‌  ലെഫ്റ്റനന്റ് വാള്‍ട്ടര്‍ ..
ആഘോഷങ്ങളില്‍ നിന്ന് ചെറിയ ഇടവേളയെടുത്തു ഇടയ്ക്കിടയ്ക്ക് അവനടുത്ത് വരുന്ന സഹപ്രവര്‍ത്തകര്‍  പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും അവന്‍ മറുപടിയൊന്നും നല്‍കുന്നില്ല.

" യേ.. വാള്‍ട്ടര്‍ .. വരൂ.. ഇന്നാഘോഷത്തിന്റെ ദിനമാണ്.. അവരെ നമ്മള്‍ തുടച്ചു നീക്കി "

" വാള്‍ട്ടര്‍ ..ദാ ഈ സ്പെഷ്യല്‍ ജാപ്പനീസ്‌ ടീ കുടിക്ക്.. കൂടെ കുറച്ചു ആസ്ട്രേലിയന്‍ മില്‍ക്കും ഷുഗറും.. പ്രത്യേക സ്വാദ്‌ അല്ലെ .."

"ഈ യുദ്ധം ഇതോടെ നില്‍ക്കും .. ഇല്ലെങ്കില്‍ നമ്മളെല്ലാം മരിച്ചു കഴിഞ്ഞാലും ഇത് തുടരുമായിരുന്നു.. ഇതൊരു അനിവാര്യതയായിരുന്നു.. ഇത് കൊണ്ട് അവര്‍ തോല്‍വി സമ്മതിച്ചില്ലെങ്കില്‍ ഇനിയും രണ്ടെണ്ണം നമ്മള്‍ കരുതിയിട്ടുണ്ട്.. മറ്റു രണ്ടു നഗരങ്ങളിലേക്ക് "

"ഞങ്ങള്‍ക്കറിയാഞ്ഞിട്ടല്ല വാള്‍ട്ടര്‍ .. നിന്റെ സഹോദരന്‍ ഹിരോഷിമയില്‍ യുദ്ധത്തടവുകാരനായി കുടുങ്ങിപ്പോയെന്നും , അവനെന്തു സംഭവിച്ചിരിക്കാമെന്നും . പക്ഷെ അതീ യുദ്ധത്തിന്റെ അനിവാര്യത "

മറുപടികളില്ലായിരുന്നു വാള്‍ട്ടറിനു.. അവനു മനസ്സിലാകാതിരുന്നത് ആ 'അനിവാര്യത' മാത്രം.. 
"നീ സങ്കടപ്പെടാതെ വാള്‍ട്ടര്‍ .. സമാധാനത്തിന്റെ വെളുപ്പ്‌ തെളിയുന്ന വരെ ആകാശവും ഭൂമിയും ചുവന്നു തന്നെയിരിക്കും"

 കുടിക്കാതെ മാറ്റി വച്ച ചായയില്‍ പാട കെട്ടിയ പാലിന്റെ വെളുപ്പ്‌ നിറം അവനില്‍ അസ്വസ്ഥത നിറച്ചു ..  



******************************** 
വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നിന്റെ പ്രക്ഷുബ്ധമായ തെരുവ്.. അധികാര ഗര്‍വ്വിനെതിരെ പൊരുതുന്ന കൂട്ടത്തില്‍ അലന്‍ എന്നകൌമാരക്കാരനും ഉണ്ട്.. അന്നത്തെ പോരാട്ടം നെറ്റിയില്‍ അവശേഷിപ്പിച്ച മുറിവുമായാണ് അവന്‍ തെരുവില്‍ തളര്‍ന്നിരിക്കുന്നത്.. കടും ചുവപ്പ് വര്‍ണ്ണത്തിലുള്ള ചായയാണ്‌ അവനു നേരെ ആരോ നീട്ടിയത്..

"വല്ലാതെ ചവര്‍ക്കുന്നു.. ഒട്ടും മധുരമില്ല അല്ലെ? "

അവന്‍ ചോദിച്ചു..

"മധുരിക്കരുത്.. ചായ മധുരിക്കാനുള്ളതല്ല.. ആ ചവര്‍പ്പില്‍ നിന്നാണ് നിനക്ക് ഉത്തേജനം ലഭിക്കാനുള്ളത്.."

സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് ആ ചവര്‍പ്പിനു.. ആ ചുവപ്പിനും..
മധുരം നമ്മള്‍ ചേര്‍ത്തതാണ്.. നിറങ്ങള്‍ മാറ്റിയതും നമ്മളാണ്.. ആ അറിവുകള്‍ അവനിലേക്കെത്താന്‍ ഇനിയുംകാലമെടുക്കും
 ******************************** 
ഇന്ത്യയിലെ വടക്കേ അറ്റത്തുള്ള ഒരു കുഗ്രാമം.. ചായ ചിരട്ടയിലും ഗ്ലാസിലും വെവ്വേറെ നല്‍കുന്ന ചായക്കട.. അതിനു മുന്നില്‍ തിളയ്ക്കുന്ന ചായയിലേക്കും പലഹാരത്തിലേക്കും  ഒഴിഞ്ഞ വയറുമായി  വെറുതെ നോക്കി നിന്നതാണ് അവന്‍ ..
മുഖത്തേക്ക് ആഞ്ഞെറിയപ്പെട്ട ചുടു ചായ തീര്‍ത്ത പൊള്ളലിന്റെ നോവ്‌ മിഴികളിലൂടെ ഒഴുകിയിറങ്ങിയ ചുടുബാഷ്പത്താല്‍ ഒഴുക്കിക്കളയാന്‍ മാത്രമേ ആ ബാല്യം  ശീലിക്കുന്നുള്ളൂ

ചായ അവനു ചവര്‍പ്പല്ല.. മധുരമല്ല.. നിറങ്ങളല്ല. പൊള്ളുന്ന ഒരോര്‍മ്മ മാത്രം
                        _______________________________________

കൌചാ- ജപ്പാനീസ്‌ ബ്ലാക്ക്‌ ടീ
ഹിരോഷിമ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ അനുഭവ സാക്ഷ്യം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.




85 comments:

  1. നന്നായിരിക്കുന്നു നിസാർ .
    ഇപ്പോഴും മായാത്ത ഒരു ദുരന്തത്തിന്റെ ഓർമ്മയ്ക്ക്‌ .
    ഒരു പ്രണയത്തിലൂടെ തുടങ്ങി അവരിലൂടെ തന്നെ അതിന്റെ ഭീകരത അറിയിച്ചു . എം പി വീരേന്ദ്ര കുമാറിന്റെ ബുദ്ധന്റെ ചിരി എന്ന ലേഖനം സമീപകാലത്ത്‌ വായിച്ചത് ഇതിനോട് കൂട്ടിവായിക്കാം

    ReplyDelete
  2. നന്നായി എഴുതി നിസാർ ..
    യുദ്ധങ്ങൾ ഭീകരതയുടെ മുഖങ്ങൾ മാത്രമേ ഓർമ്മിക്കാൻ സമ്മാനിക്കൂ ,അത് എവിടെയാണെങ്കിലും .എല്ലാവര്ക്കും അത് അറിയുകയും ചെയ്യാം എങ്കിലും ....

    ReplyDelete
  3. മാഷേ , ഒരു ദുരന്തത്തിന്റെ ഓര്‍മപെടുത്തലുകളിലൂടെ
    ഒരു തളിരിലയുടെ വ്യത്യസ്ത്ഥ ഭാവങ്ങള്‍ ദേശമുഖങ്ങളില്‍
    മാറി മാറി വരുന്നത് , നന്നായി തന്നെ പകര്‍ത്തി വച്ചൂ ...!
    ഇന്നും യുദ്ധമുഖങ്ങളില്‍ ജീവിക്കുന്ന സിറിയ പൊലെയുള്ള
    രാജ്യങ്ങളാണ് മനസ്സില്‍ നിറഞ്ഞ് നിന്നത് ...
    അപ്പൊഴും യുദ്ധമുഖങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന
    ഭാരതത്തിന്റെ നേര്‍ മുഖം ഒരിത്തിരി വരികളിലൂടെ
    തുറന്നു കാട്ടി പ്രീയപെട്ട മാഷ് ... അഭിനന്ദനങ്ങള്‍ .. സ്നേഹപൂര്‍വം

    ReplyDelete
  4. തളിരില നുള്ളുന്ന മനുഷ്യ മനസ്സിന്‍റെ ദുഷ്ചെയ്തികള്‍ തളരിലയുടെ വിവിധവര്‍ണ്ണ സാന്നിദ്ധ്യത്തില്‍ അവതരിപ്പിച്ചിരിപ്പിക്കുന്ന ഈ സൃഷ്ടിക്ക് പകരം വെക്കുവാന്‍ വാക്കുകള്‍ ഇല്ല സഖേ ...!

    ReplyDelete
  5. പ്രത്യേക രീതിയിൽ കഥ പറഞ്ഞ് അത് അതിന്റെ കഥാ ബിംബത്തിലേക്ക് ആവാഹിക്കുകയും ചെയ്തു,
    ആശംസകൾ

    ReplyDelete
  6. രാവിലത്തെ ചായയുടെയൊപ്പം ഈ കഥയും കൂടെ ആയപ്പോള്‍ ബെസ്റ്റ്

    ReplyDelete
  7. ആകാശം നഷ്ടപെട്ട പറവകൾ എന്ന അതിമനോഹര കഥ എഴുതിയ ആൾ തന്നെയാണ് ഇതും എഴുതിയത് എന്ന് നിസംശയം പറയിപ്പിക്കുന്ന എഴുത്ത് !!! ; അതേ ശൈലി .

    എങ്കിലും നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  8. എന്ത് പറയാൻ. ചിന്തോദ്ദീപകമായ വരികൾ കോർത്തു വെച്ചൊരു മനോഹര സൃഷ്ടി. അതാണിതിനെ കുറിച്ച് പറയാനുള്ളത്. ഈ വിഷയത്തെ കൂടുതൽ അപഗ്രഥിക്കാൻ മാത്രമൊരു ബുദ്ധി എനിക്കില്ല, അത്തരത്തിലൊരു ബുദ്ധിശൂന്യതയിലേക്ക് ഞാൻ കടക്കുന്നുമില്ല., എന്നിരുന്നാലും സാധാരണ ഒരു വായനക്കാരന്റെ ചിന്തയെ മഥിക്കുന്ന ചില സൂചകങ്ങൾ., ചായയുടെ വിവിധ വർണ്ണങ്ങൾ, ആ വർണ്ണങ്ങളോട് ചേർന്നു നിൽക്കുന്ന രുചികൾ., ഇതൊക്കെ എത്രത്തോളം ഒരോ സ്ഥലത്തെയും ജീവിത വ്യവസ്ഥയുമായി ബന്ധപ്പെട്ട് നില്ക്കുന്നുവെന്നു വായനക്കാരന്റെ മനസിലേക്കു ഒരു ചോദ്യചിഹ്നം പോലെ ഇട്ടു കൊടുക്കുന്നു കഥാകാരൻ. ചിലയിടത്ത് അതിനു യുദ്ധവർണ്ണങ്ങളിൽ ചാലിച്ച ചോരയുടെ നിറമാണെങ്കിൽ, ചിലയിടത്ത് സ്നേഹക്കൂട്ടിന്റെ പച്ചയാണു., മറ്റു ചിലയിടത്ത് ചവർപ്പനുഭവപ്പെടുമ്പോൾ, നുള്ളിപറിച്ചെറിഞ്ഞു കളഞ്ഞ ബാല്യങ്ങൾ അനുഭവിക്കുന്നത് പൊള്ളലാണു. ജീവിതത്തിന്റെ വിവിധ വർണ്ണങ്ങളിലേക്കു ഒരു ചൂണ്ട്പലക, തളിരില നുള്ളിക്കളിക്കുന്ന ക്രൂരന്മാർക്കൊരു മുന്നറിയിപ്പ്. എഴുത്തുകാരന്റെ ഗ്രാഫ് മുകളിലോട്ട് തന്നെ. ആശംസകൾ..

    ReplyDelete
  9. പ്രിയപ്പെട്ട നിസാർ,
    വളരെ ഇഷ്ടമായി
    പ്രണയപുഷ്പത്തിന്റെ തളിരിതളാൽ തലോടലേറ്റ മനസ്സ്
    അവസാനം അവന്റെ ചായയെ കുറിച്ചുള്ള പൊള്ളുന്ന ഒർമപോലെ പൊള്ളിപോയി.
    ഇനിയും മടുപ്പില്ലാതെ ഒന്നുരണ്ടു വട്ടം വായിക്കാം. അത്രയും മികച്ച രീതിയിൽ നന്നായി എഴുതി
    എല്ലാ ആശംസകളും നേരുന്നു അക്ഷരങ്ങളാൽ അത്ഭുതം തീർക്കുന്ന ഈ കൂട്ടുകാരന്.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  10. ഹിരോഷിമ - നാഗസാക്കിയെ കുറിച്ചെഴുതുമ്പോള്‍ ആര്‍ക്കും മറക്കാന്‍ കഴിയാത്ത മറ്റൊരു ചിത്രം കൂടിയുണ്ട്.. അതുകൂടെ വെച്ചിരുന്നെങ്കില്‍ ....................

    ReplyDelete
  11. ഈ എഴുത്തിലെ ദൃശ്യ ഭാഷക്കിരിക്കട്ടെ ഇന്നത്തെ എന്റെ സ്നേഹ സലാം.

    ReplyDelete
  12. വായിച്ചു, നിസാര്‍!

    പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഞാന്‍ ഇനിയും ഏറെ വളരേണ്ടിയിരിക്കുന്നു.

    ReplyDelete
  13. തളിരിലയുടെ വിവിധ വര്‍ണ്ണങ്ങളില്‍ നിസ്സാര്‍ നീ പകര്‍ന്നത്, ഇന്ന് ഓര്‍ത്ത് കൊണ്ട് മറക്കാന്‍ ശ്രമിക്കുന്ന സത്യങ്ങളാണ്‌... Hats off to your expressions!!!

    ReplyDelete
  14. മനോഹരം ഈ ഭാഷ, എന്തൊരു സുഖമുള്ള വായന,

    "ഹിസോക നീട്ടിയ കൈകളില്‍ പിടിക്കാനാവാതെ തളര്‍ന്നു താഴെ വീണു പോയി കിയോമി. തറയില്‍ വീണുടഞ്ഞ കപ്പിലെ ചായയിലേക്ക് പടര്‍ന്ന രക്തം അതിന്റെ നിറം ചുവപ്പാക്കിയിരിക്കുന്നു".

    പ്രത്യേകിച്ചും ഈ വരികൾ വായിച്ചപ്പോൾ നിസാര്, എന്താണ് അപ്പോൾ എനിക്ക് തോന്നിയ വികാരം എന്ന് പറയുക പ്രയാസം.

    ""മധുരിക്കരുത്.. ചായ മധുരിക്കാനുള്ളതല്ല.. ആ ചവര്‍പ്പില്‍ നിന്നാണ് നിനക്ക് ഉത്തേജനം ലഭിക്കാനുള്ളത്.."

    സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് ആ ചവര്‍പ്പിനു.. ആ ചുവപ്പിനും.. മധുരം നമ്മള്‍ ചേര്‍ത്തതാണ്.. നിറങ്ങള്‍ മാറ്റിയതും നമ്മളാണ്.. "

    അവസാനം തിളച്ച ചായ മുഖത്ത് വീണ ഒരു പൊള്ളലുണ്ടായി.

    വീണ്ടും മുന്നോട്ടു സുഹൃത്തേ, ആശംസകള്

    ReplyDelete
  15. നല്ലൊരു വായനാനുഭവം നല്‍കി ചിന്താബന്‌ധുരമായ ഈ കഥ
    ആശംസകള്‍

    ReplyDelete
  16. പ്രിയ നിസാരാ .. പറയാൻ വാക്കുകളില്ല .. അത്രക്കും ഇഷ്ടമായി . ചരിത്രത്തിലെ കറുത്ത ദിവസങ്ങളുടെ പശ്ചാത്തലത്തിൽ പറയുന്ന ഒരു കഥ എന്നതിലുപരി കഥ പറയാൻ ഉപയോഗിച്ച ഭാഷയും ശൈലിയും ആണ് ഏറെ ആകർഷണീയമായി തോന്നിയതു . കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്ലോട്ട് ആ ചായ ആയിരുന്നു എന്നത് കൂടി പറയട്ടെ . ഒരു ചരിത്ര സംഭവ കഥയുടെ രൂപ ഘടനയിൽ ചായ എന്ന വിഷയം എത്ര മനോഹരമായി അവതരിപ്പിക്കാൻ സാധിക്കുമോ , അത്രക്കും നന്നായി അവതരിപ്പിക്കാൻ നിനക്ക് സാധിച്ചിരിക്കുന്നു സഖേ .. keep it up .. ഒരായിരം അഭിനന്ദനങ്ങൾ ..

    ReplyDelete
  17. നിസാര്‍, ഇതിനൊന്നും അഭിപ്രായം പറയാന്‍ പോലും ഞാന്‍ വളര്‍ന്നിട്ടില്ല. മനോഹരം എന്ന് മാത്രം പറയാം.

    ReplyDelete
  18. സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് ആ ചവര്‍പ്പിനു.. ആ ചുവപ്പിനും.. മധുരം നമ്മള്‍ ചേര്‍ത്തതാണ്.. നിറങ്ങള്‍ മാറ്റിയതും നമ്മളാണ്.. ആ അറിവുകള്‍ അവനിലേക്കെത്താന്‍ ഇനിയുംകാലമെടുക്കും

    മാറ്റങ്ങള്‍ക്കനുസരിച്ച് രൂപം മാറുന്നു എന്നല്ലാതെ കാര്യം ഇപ്പോഴും തുടരുന്നു...
    ഇഷ്ടപ്പെട്ടു.

    ReplyDelete
  19. നിസാർ... വരികളിലൂടെ ഭീതിദമായ രംഗം ശരിക്കും വർണ്ണിച്ചിരിക്കുന്നു. കൺ മുന്നിൽ കാണിച്ചിരിക്കുന്നു.


    ആശംസാഭിനന്ദനങ്ങൾ !

    ReplyDelete
  20. യാഥാര്‍ത്ഥ്യത്തിന്റെ ചവര്‍പ്പ് കലര്‍ന്ന ചായ...
    നല്ല രചന... ആശംസകള്‍.,..

    ReplyDelete
  21. വായനയില്‍ പലതും മനസ്സിലാക്കാന്‍ കഴിഞ്ഞു.ആശംസകള്‍

    ReplyDelete
  22. നല്ല എഴുത്ത് ശൈലി നിസാർ
    വാക്കുകള്ക്കും പിഷിക്ക് കാണിച്ചില്ല.ആശംസകൾ

    ReplyDelete
  23. ചരിത്രത്തിലെ ചില ഇരകളുടെ കണ്ണുനീർ ഒരു ചായക്കു ചുറ്റും വിന്യസിച്ച് കഥയാക്കി ആഖ്യാനത്തിന്റെ പുതിയ വഴികൾ കണ്ടെത്തിയ എഴുത്തുകാരന് ഭാവുകങ്ങൾ.

    ReplyDelete
  24. പറഞ്ഞു വന്ന വ്യത്യസ്തമായ രീതി അഭിനന്ദനീയം നിസാർ. യുദ്ധവുമായി ബന്ധപ്പെട്ടത് എന്ന നിലയിൽ ആണ്‌ ഭീകരത തോന്നിയത്. അതിലപ്പുറം വരികളിൽ നിന്നും ആ തീക്ഷണത ലഭിക്കുന്നില്ല എന്നു തോന്നുന്നു.

    ReplyDelete

  25. "മധുരിക്കരുത്.. ചായ മധുരിക്കാനുള്ളതല്ല.. ആ ചവര്‍പ്പില്‍ നിന്നാണ് നിനക്ക് ഉത്തേജനം ലഭിക്കാനുള്ളത്.."
    നല്ല എഴുത്ത്

    ReplyDelete
  26. വളരെ ഇഷ്ടമായി

    ReplyDelete
  27. യുദ്ധത്തിന്റെ ഭീകര മുഖവും, മനുഷ്യബന്ധങ്ങളുടെ തിക്തഭാവങ്ങളും അതോടൊപ്പം ചായയുടെ ചായം പൂശിയ വിവിധ ദൃശ്യങ്ങളും വല്ലാത്ത ഒരനുഭൂതിയാണ്‌ പകർന്നത്‌.

    ReplyDelete
  28. " യേ.. വാള്‍ട്ടര്‍ .. വരൂ.. ഇന്നാഘോഷത്തിന്റെ ദിനമാണ്.. അവരെ നമ്മള്‍ തുടച്ചു നീക്കി
    എന്തൊരു സന്തോഷം അല്ലെ ആ വാക്കുകളില്‍. ഇങ്ങിനെ പലരെയും തുടച്ചു നീക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശങ്ങള്‍ ആണല്ലോ ലോകത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. ഒരു പാനീയത്തെ കൂട്ടുപിടിച്ച് അധിനിവേശങ്ങളുടെ ചവര്‍പ്പുള്ള വശങ്ങള്‍ വരച്ചു കാട്ടിയ രീതി ഏറെ ഇഷ്ട്ടമായി... ആശംസകള്‍

    ReplyDelete
  29. മറുപടികളില്ലായിരുന്നു വാള്‍ട്ടറിനു.. അവനു മനസ്സിലാകാതിരുന്നത് ആ 'അനിവാര്യത' മാത്രം..
    "നീ സങ്കടപ്പെടാതെ വാള്‍ട്ടര്‍ .. സമാധാനത്തിന്റെ വെളുപ്പ്‌ തെളിയുന്ന വരെ ആകാശവും ഭൂമിയും ചുവന്നു തന്നെയിരിക്കും"


    ഹോ അപാരമായ എഴുത്ത്. നീയാ ആദ്യ വരികളിൽ ചായയുടെ നിറം പറഞ്ഞപ്പഴേ ഈ സംഭവം നടക്കുന്നത് ഇന്ത്യയിലല്ലാ എന്ന് എനിക്ക് മനസ്സിലായി,എന്താ ല്ലേ ന്റെ ബുദ്ധി ?
    പിന്നെ പരിചയമില്ലാത്ത സ്ഥലപ്പേരുകളും കഥാപാറ്റ്ഹ്രങ്ങളും കൂടിയായപ്പോൾ ആ നാട്ടിലെ ഒരെഴുത്തുകാരൻ സംഭവത്തെ വിശദീകരിക്കും പോലെ. പല സന്ദർഭങ്ങളിലും ഇതെഴുതിയത് നിസാരനാ എന്ന് മനസ്സിൽ പറഞ്ഞുറപ്പിക്കേണ്ടി വന്നു.!

    ഞാനെത്രയോ ദൂരം ഇനിയും പോകാണ്ടിയിരിക്കുന്നു,
    ഇത്തരത്തിലൊരെഴുത്താസ്വദിക്കാൻ.!
    ആശംസകൾ.

    ReplyDelete
  30. നിസാറിന്റെ എഴുത്ത് ശൈലിയും പ്രയോഗങ്ങളും കൊതിപ്പിക്കും... പക്ഷേ ഒരു സമ്പൂർണ്ണകഥയാണു പ്രതീക്ഷിച്ചത്..

    ReplyDelete
  31. മനോഹരമായ എഴുത്ത്.
    തുടക്കം അതീവ ഹൃദ്യം, ഇടക്കെപ്പെഴോ ഒരു ധൃതി വന്നുപെട്ട പോലെ...ഒടുക്കവും.

    ReplyDelete
  32. തുടക്കം ജിബ്രാനെ ഓര്‍മിപ്പിച്ചു നിസ്സാര്‍ . ശൈലി മനോഹരം എങ്കിലും പാതിയോടടുത്തപ്പോള്‍ വായനയില്‍ എന്തോ മിസ്സാകുന്നു . അഥവാ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല . അവസാന സന്ദര്‍ഭം അസ്സലായി . ഒരു ചായ എന്ന ആശയത്തിലൂടെ ഓരോ ജനവിഭാഗത്തിന്റെയും ജീവിതം വരച്ചിടാന്‍ ശ്രമിച്ച കുറിപ്പ് . പക്ഷേ നിസാറിന്റെ പതിവ് പോസ്റ്റുകള്‍ പോലെ വായനാസുഖം ലഭിച്ചില്ല ഇതിന് .

    ReplyDelete


  33. യുദ്ധം നഷ്ട്ടങ്ങൾ മാത്രമേ .ഉണ്ടാക്കുന്നുള്ളൂ .

    നല്ല ഒരു വായനാനുഭവം പകര്ന്ന പോസ്റ്റ്‌ .

    എല്ലാ ആശംസകളും നിസാര് ഭായ്


    ReplyDelete
  34. ജപ്പാനിൽ അണുബോംബ് വർഷിച്ചത് അഭിമാനത്തോടെയല്ലാതെ, അമേരിക്കക്കാർക്കതിൽ ഇന്നും ഖേദം തോന്നിയിട്ടില്ല, അവർ ഇന്നും ആ ചുടുചായ ആർത്തിയോടെ കുടിച്ചുകൊണ്ടിരിക്കുന്നു..

    ReplyDelete
  35. കഥ പൂര്‍ണ്ണമായും മനസ്സിലാക്കുന്നിടത്തു ഞാനും പരാജയപ്പെട്ടിരിക്കുന്നു അതു പക്ഷെ കഥയുടെ കുഴപ്പമാകില്ല ,ഇത്രയും വലിയ ഒരു ആസ്വാദന നിലവാരം എന്നിലില്ലാതെ പോയതാവാം , എന്നാലും എന്റെ മലയാളി യില്‍ നിന്നും തളിരിലെ വര്‍ണ്ണങ്ങളിലേക്ക്എത്തുമ്പോള്‍ നിസാറിന്റെ ഗ്രാഫ് ഒരു പാടുയര്‍ന്നു ,സന്തോഷം .

    ReplyDelete
  36. ഒരു നല്ല ചായ കുടിക്കാന്‍ വന്നതായിരുന്നു .കുടിച്ചു തുടങ്ങിയപ്പോള്‍ മധുരം തോന്നിയ ചായയില്‍ പതിയെ ചവര്‍പ്പ് നിറഞ്ഞു .അപ്പോള്‍ ആണ് ആ പുതിയ തിരിച്ചറിവ് എനിക്കും ഉണ്ടായത് ചായ
    "മധുരിക്കരുത്.. ചായ മധുരിക്കാനുള്ളതല്ല.. ആ ചവര്‍പ്പില്‍ നിന്നാണ് നിനക്ക് ഉത്തേജനം ലഭിക്കാനുള്ളത്.."എന്ന തിരിച്ചറിവ് പകര്‍ന്നു തന്ന ചായകൂട്ടു കാരന് അഭിനന്ദനങ്ങള്‍ .........

    ReplyDelete
  37. hiroshima-nagasakkiye kurichezhuthumbol ennu paranju njan oru abhipraayam paranjirunnu.. anganeyalla ezhuthiyathu ennu kelkkumbol ee kadhaye athinte poornna arthathil ulkollunnathil njaanum parajithanaayirikkunnu.. faisalkka mukalile commentil paranjirikkunnathu pole, enteyum aswadana nilavaarathile paalichakalaayirikkaam kaaranam.. :( orikkal koodi vaayichittum mattoru thalathilekku ente chintha valarathathum oru pakshe ente maathram apakathayaavaam... :(

    ReplyDelete
  38. പ്രണയം യുദ്ധത്തിന്റെ കാൻവാസിൽ പറയുമ്പോൾ ജീവിതത്തിന്റെ ഫിലോസഫിയാവുന്നു. നന്നായി എഴുതി

    ReplyDelete
  39. യുദ്ധത്തിന്റെ ഏതു വിജയഗാഥക്കും ഒരു മറുപുറം ഉണ്ട് !
    ഇഷ്ടപ്പെട്ടു

    ReplyDelete
  40. ചായക്കും ചുണ്ടിനും ഇടയില്‍ പ്രണയവും യുദ്ധവും

    ReplyDelete
  41. "എനിക്കല്ല നിനക്കാണ്.. ഹിസോകാ.. " അവളുടെ ശബ്ദം ഇടറുന്നു.

    സ്വന്തം ശരീരത്തിലെ മുറിവുകളിലൂടെ പുറത്തേക്കൊഴുകുന്ന രക്തം അപ്പോള്‍ മാത്രമാണയാള്‍ ശ്രദ്ധിക്കുന്നത്..

    what a romantic lines...

    ReplyDelete
  42. നല്ല കഥ നിസാര്‍. പതിവുപോലേ പുതുമയുള്ള ആഖ്യാനവും.തുടക്കവും ഒടുക്കവും ഹൃദ്യം. എനിക്കേറെ ഇഷ്ടപ്പെട്ടു കഥയും ശൈലിയും. നിസാറിനെ കാത്തിരിക്കുന്ന വലിയൊരു ലോകമുണ്ടെന്ന് മനസ്സ് പറയുന്നു. ആശംസകള്‍, പ്രാര്‍ത്ഥനകള്‍

    ReplyDelete
  43. ആദ്യ ഭാഗത്തിന് ഒരു magical realism touch , മുഴുവനായ് നോക്കുമ്പോൾ post modern ശൈലി . "ചായ അവനു ചവര്‍പ്പല്ല.. മധുരമല്ല.. നിറങ്ങളല്ല. പൊള്ളുന്ന ഒരോര്‍മ്മ മാത്രം".. വളരെ യുക്തി നിഷ്ടമായി ഒരുപാട് കാര്യങ്ങൾ ചെറിയ വാക്കുകളിൽ connect ചെയ്തിരിക്കുന്നു . കൂടുതൽ വ്യത്യസ്തമായ വിഷയങ്ങളിലേക്ക്‌ എഴുത്ത് വ്യാപരിക്കട്ടെ . ആശംസകൾ

    ReplyDelete
  44. ബോംബ്‌ ഇട്ടതിലെ ശെരി തെറ്റുകൾ എന്തുമായി കൊള്ളട്ടെ, നാഗസാക്കിയിൽ ബോംബ്‌ വീണതിന്റെ ആറാം നാൾ ഓഗസ്റ്റ് 15നു ജപ്പാൻ കീഴടങ്ങി, അതോടെ രണ്ടാം ലോക മഹായുദ്ധവും തീർന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ജപ്പാൻ മുൻപത്തെ പോലെ ആയിരുന്നുമില്ല. വിജ്ഞാനപ്രദമായ പോസ്റ്റുകളാണ് നിസാറിന്റെത്, അതിലുപരി കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്നവയാണ്

    ReplyDelete
  45. മധുരിക്കരുത്.. ചായ മധുരിക്കാനുള്ളതല്ല.. ആ ചവര്‍പ്പില്‍ നിന്നാണ് നിനക്ക് ഉത്തേജനം ലഭിക്കാനുള്ളത്.."

    ReplyDelete
  46. എഴുത്തിലെ സങ്കീര്‍ണ്ണതകളൊന്നും ആലോചിച്ചു തലപുകയ്ക്കാതെ തന്നെ ആസ്വദിക്കാനാവുന്ന രചന. ശരിക്കുമിഷ്ടമായി.അവസാന ഭാഗം പ്രത്യേകിച്ചും...അഭിനന്ദനങ്ങള്‍ കഥാകാരാ...

    ReplyDelete
  47. A woman is like a tea bag - you can't tell how strong she is until you put her in hot water.
    Eleanor Roosevelt
    എന്ന വാക്യം എത്ര തീവ്രമായി കിയോമി പ്രതിഫലിപ്പിച്ചിരിക്കുന്നു എന്ന് ഗ്രഹിക്കുവാന് സാധ്യമാകുന്നുണ്ട് കഥയുടെ ആദ്യ ഭാഗത്തില്..!
    എന്നാല് പിന്നീടുള്ള ഭാഗങ്ങള് ഞാന് എന്ന വായനക്കാരിയെ തീര്ത്തും നിരാശപ്പെടുത്തി എന്ന് അറിയിക്കട്ടെ.
    പഠനകാലത്ത് ബ്രിട്ടീഷ് ഹിസ്റ്ററി നല്കിയിരുന്ന അസ്വാസ്ഥാനുഭവമായിരിക്കാം ഒരു കാരണം.
    അതിന് എഴുത്തുകാരനെ കുറ്റം ചുമത്താനാവില്ല ..ന്റ്റെ താത്പര്യകുറവു തന്നെ :)
    വായനക്കു ശേഷവും മനസ്സില് സഞ്ചരിച്ചുകൊണ്ടേയിരിക്കും തൃപ്തി നല്കിയ വായന..
    അതുകൊണ്ടു തന്നെ കഥാപാത്രങ്ങളുടെ പേരുകള് ഓര്ത്തെടുക്കേണ്ടി വരുന്ന അവസ്ഥകള് വന്നാല് വായനക്കാരന് നിരാശനാകും.
    “തീര്‍ച്ചയായും കിയോമി സുന്ദരിയാണ്. മനോഹരമായി അവള്‍ വസ്ത്രം ധരിച്ചുമിരിക്കുന്നു..“ എന്ന് വായിച്ചു നിര്ത്തിയപ്പോള് കിയോമി എന്ന പേരിനോടു പോലും സംശയം തോന്നിപ്പിച്ചു ..“
    ‘കിയോമിയും കിമോണയും ‘ തമ്മിലൊരു ക്ലാഷ്…!
    വളരെ ലളിതമെങ്കിലും ആ സംശയനിവാരണം കൂടി വായനക്കിടെ നടത്തേണ്ടി വന്നു.
    കിയോമിക്കു ശേഷമുള്ള ഓരോ പാരാഗ്രാഫും ടീവി തുറക്കുമ്പോള് തെളിയുന്ന ട്രെയിലറുകള് പോലെയാണ് ദൃശ്യമായത്.
    ഈ കൊച്ചു സ്ക്രീനിലൂടെ സഞ്ചരിച്ച് നിങ്ങള്ക്ക് വിശാല ദൃശ്യവിഷയത്തിലേക്ക് എത്തിപ്പെടാമെന്ന് അവകാശപ്പെടുന്ന പോലെ..
    അതുകൊണ്ട് തന്നെ ഓരൊ പാരഗ്രാഫ് വായനക്ക് ശേഷവും ഇവരെയെല്ലാം കോറിലേറ്റ് ചെയ്യുവാനായി ഓരോ ലിങ്കുകളും ബന്ധിപ്പിച്ചെടുക്കേണ്ടി വന്നത് വായനയുടെ ഒഴുക്ക് നഷ്ടപ്പെടുത്തുവാന് ഒരു കാരണമായെന്ന് നിയ്ക്ക് അനുഭവപ്പെട്ടു.
    “If this is coffee, please bring me some tea;
    but if this is tea, please bring me some coffee.“
    Abraham Lincoln
    ന്റ്റെ വയാന ഈ ഒരു ആശയകുഴപ്പത്തിലാണ് എത്തിച്ചത് എന്നറിയിക്കട്ടെ..
    സ്നേഹം..നന്ദി…വര്ഷിണി..!

    ReplyDelete
  48. ചായയുടെ നിറങ്ങളിലൂടെ പറഞ്ഞു പോയ ദുരന്തകഥ.
    എങ്കിലും കഥയുടെ അവസാനം ചെറിയൊരു കണ്‍ഫ്യൂഷന്‍.
    അത് എന്റെ പരിമിതമായ ആസ്വാദന ശേഷി കൊണ്ടായിരിക്കും

    ReplyDelete
  49. തറയില്‍ വീണുടഞ്ഞ കപ്പിലെ ചായയിലേക്ക് പടര്‍ന്ന രക്തം അതിന്റെ നിറം ചുവപ്പാക്കിയിരിക്കുന്നു..

    ഹിരോക്കിക്ക് അത് കൂടുതല്‍ ഇരുണ്ടതായും കൂടുതല്‍ ചവര്‍പ്പുള്ളതായും തോന്നി.

    കുടിക്കാതെ മാറ്റി വച്ച ചായയില്‍ പാട കെട്ടിയ പാലിന്റെ വെളുപ്പ്‌ നിറം അവനില്‍ അസ്വസ്ഥത നിറച്ചു ..

    "മധുരിക്കരുത്.. ചായ മധുരിക്കാനുള്ളതല്ല.. ആ ചവര്‍പ്പില്‍ നിന്നാണ് നിനക്ക് ഉത്തേജനം ലഭിക്കാനുള്ളത്.."

    ചായ അവനു ചവര്‍പ്പല്ല.. മധുരമല്ല.. നിറങ്ങളല്ല. പൊള്ളുന്ന ഒരോര്‍മ്മ മാത്രം

    ReplyDelete
  50. വരികളിലെ ചൂടിനെ ആവാഹിച്ചു വായിച്ചു .. ഒന്നല്ല രണ്ടു തവണ..
    പ്രണയത്തിന്റെ ചൂടും മരണത്തിന്റെ തണുപ്പും കലര്‍ന്ന ചായയുടെ രുചിയിലൂടെ അവസാനിപ്പിക്കുംബോഴെല്ലാം... മനസ്സില്‍ ബാക്കി വെക്കാന്‍ കുറെ ചിത്രങ്ങള്‍ തരുന്ന കഥയുടെ സൃഷ്ടാവിനോടുള്ള അസൂയ മറയില്ലാതെ തന്നെ പറയട്ടെ.......... അഭിനന്ദനങ്ങള്‍ നിസാറിക്ക........

    ReplyDelete
  51. നിസാറിന്റെ പരീക്ഷണ രീതി അഭിനന്ദനാര്‍ഹം തന്നെ..എങ്കിലും ഒന്നു കൂടെ ആശയ സുതാര്യത കൊണ്ടുവരാമായിരുന്നു..വളരെ രുചിയുള്ള ഒരുദ്യമം തന്നെ ഇത്..:)

    ReplyDelete
  52. "വല്ലാതെ ചവര്‍ക്കുന്നു.. ഒട്ടും മധുരമില്ല അല്ലെ? "

    അവന്‍ ചോദിച്ചു..

    "മധുരിക്കരുത്.. ചായ മധുരിക്കാനുള്ളതല്ല.. ആ ചവര്‍പ്പില്‍ നിന്നാണ് നിനക്ക് ഉത്തേജനം ലഭിക്കാനുള്ളത്.."

    സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് ആ ചവര്‍പ്പിനു.. ആ ചുവപ്പിനും.. മധുരം നമ്മള്‍ ചേര്‍ത്തതാണ്.. നിറങ്ങള്‍ മാറ്റിയതും നമ്മളാണ്.. ആ അറിവുകള്‍ അവനിലേക്കെത്താന്‍ ഇനിയുംകാലമെടുക്കും
    .............................................
    എനിക്ക് പറയാനുള്ളത് ഇതിലെ കമ്മന്റുകളെ പറ്റി ആണ്....
    ലളിതമായി മാത്രമേ എഴുതാവൂ എന്ന് ഒരു കൂട്ടര്..
    അതിൽ ചരിത്രത്തിന്റെ ദുര്ഗ്രഹ പശ്ചാത്തലം പാടില്ല എന്നും ചിലര്..
    വിദേശ പശ്ചാത്തലം പേരുകള ഇവ ഒര്ക്കാൻ വിഷമം എന്ന് ചിലര്...
    ഉദാത്തം മനോഹരം എന്ന് വേറെ ചിലര്...
    ഭാഷ ചില വികാരങ്ങളെ ദ്യോതിപ്പിക്കാൻ പ്രയോഗിക്കുമ്പോൾ ദുര് ഗ്രഹത വന്നു ചേരും...
    അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്...
    വായനയുടെ കരുത്തിൽ ആര്ക്കും അത് നേടിയെടുക്കാം..
    ഒരു മാര്ഗ്ഗം..ഒരേ ഒരു മാര്ഗ്ഗം നന്നായി വായിക്കുക...
    പിന്നെ മന: പൂർവം ദുര് ഗ്രഹത സൃഷ്ടിക്കുന്നവരും ഉണ്ട് എഴുത്തുകാരിൽ...
    എഴുത്തിൽ അല്പം വേറിട്ട പാത ആയാൽ അത് ഒരു പക്ഷെ ഉള്ളിലെ ആശയത്തെ പുറത്തു കാട്ടാനുള്ള ശ്രമമാണ്..
    അല്ലാതെ ജാടക്കും ചിലര് ഇങ്ങനെ തുടങ്ങാം...
    ഏതായാലും നിസ്സാരൻ നിസ്സാരൻ അല്ല ......
    "തന്നതില്ല പരനുള്ളു കാട്ടുവാൻ
    ഒന്നുമേ നര നുപായ മീശ്വരൻ
    ഇന്ന് ഭാഷയതപൂർണ്ണ മിങ്ങഹോ
    വന്നു പോം പിഴയു
    മര്ഥ ശങ്കയാൽ " ആശാൻ

    ReplyDelete
  53. "ചായ അവനു ചവർപ്പല്ല.. മധുരമല്ല.. നിറങ്ങളല്ല. പൊള്ളുന്ന ഒരോർമ്മ മാത്രം"...

    ഏറെ ഇഷ്ടമായി ഈ രചന.

    ReplyDelete
  54. ആശംസകള്‍ നിസാര്‍. മറ്റൊന്നും എനിക്കു പറയാനില്ല.
    ഹിരോഷിമ നാഗസാക്കി അതിജീവിച്ചവര്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട് ഞാന്‍.
    ചായ മുഖത്ത് വീണ ദലിത് ബാലനെയും പരിചയമുണ്ട്...

    കൂടുതല്‍ എഴുതുക. കാരണം എഴുത്ത് ഓര്‍മ്മകളെ നിലനിറുത്താനും കൂടിയാണ്. അഭിനന്ദനങ്ങള്‍.

    ReplyDelete
  55. കാലങ്ങളുടെ പഴക്കമുള്ള ആ ചവർപ്പിലൂടേ
    എന്നും ഉത്തേജനമായിരിക്കുന്നവരെ പറ്റി ഒരു
    നല്ല ഓർമ്മപ്പെടുത്തലായിത് കേട്ടൊ ഭായ്

    ReplyDelete
  56. ഏറെ ലാഘവത്തോടെ കുടിച്ചിരുന്ന ചായ ഇനിയും അതേ ലാഘവത്തോടെ കുടിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല...

    ഏത് നാട്ടിലായാലും യുദ്ധം കൊണ്ടു വരുന്ന സമാധാനം ഇങ്ങനെ ചോരച്ചുവപ്പില്‍ മുങ്ങിക്കുളിച്ചും, കുറേ പൊള്ളലുകള്‍ ഏല്‍പ്പിച്ചുമാണെന്ന ഓര്‍മ്മപ്പെടുത്തല്‍.... നന്നായി.

    ReplyDelete
  57. കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല .ആ തല കടിച്ചു തിന്നാന്‍ തോന്നുന്നു.ആശംസകള്‍..

    ReplyDelete


  58. നിസര്‍ഗം ,

    ഹൃദയഹാരിയായ ഈ കഥകള്‍ തരുന്നതിനു ആദ്യമേ നന്ദി പറയട്ടെ ...
    ആത്മാവിനെ തൊട്ടു കാണിച്ചു തരുന്ന കാഴ്ചകള്‍ നോവുണര്‍ത്തുന്നു..
    ആശംസക ള്‍ ...ശാന്തകുമാരി വിജയന്‍ .
    .

    ReplyDelete
  59. This comment has been removed by the author.

    ReplyDelete
  60. പഴയതുപോലെ തന്നെ ഇപ്പോഴും മനോഹരം...

    ReplyDelete
  61. ഒരു കഥയായി വായിക്കുമ്പോൾ, അവസാനത്തെ ഖണ്ഡിക അധികപ്പറ്റായി തോന്നുന്നു. കുറച്ചു കൂടി ചുരുക്കണമെങ്കിൽ അതിനു മുകളിലുള്ള ഖണ്ഡികയും ഴിവാക്കാമായിരുന്നു.

    അതേ സമയം തേയില ആസ്വദിക്കുന്ന മനുഷ്യഭാവങ്ങളെ ഓർക്കുന്ന ഒരു കുറിപ്പ് മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ, ആദ്യ ഖണ്ഡികകളിലെ കഥ അത്രയും വിശദമാക്കേണ്ടിയിരുന്നില്ല എന്നും തോന്നുന്നു.

    എന്തായാലും നിസാരൻ യാത്ര തുടരുക തന്നെയാണ്. മറ്റുള്ളവർക്ക് പിന്തുടരുക മാത്രം സാധ്യമാവുന്ന പുതിയ വഴികൾ വെട്ടിത്തെളിച്ചു കൊണ്ട്.. ആശംസകൾ..

    ReplyDelete
  62. പുതിയ രീതിയില്‍ ഉള്ള വിഷയ പരീക്ഷങ്ങള്‍ക്ക് ആശംസകള്‍

    ReplyDelete
  63. പതിവ് ശൈലിയില്‍ നിസ്സാറിന്റെ കയ്യൊപ്പുള്ള എഴുത്ത്.

    കഥയുടെ പ്ലോട്ടില്‍ ജപ്പാനും, ഇന്ത്യയും എന്നാല്‍
    ഈ ഭാഗത്ത് ഒരു അവ്യക്തതയുണ്ട്‌. കഥ നടക്കുന്നത് എവിടെയാണ്? ചൈനയോ?? അതോ വാള്‍സ്ട്രീറ്റോ?

    //വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നിന്റെ പ്രക്ഷുബ്ധമായ തെരുവ്.. അധികാര ഗര്‍വ്വിനെതിരെ പൊരുതുന്ന കൂട്ടത്തില്‍ അലന്‍ എന്ന ആ കൌമാരക്കാരനും ഉണ്ട്.. അന്നത്തെ പോരാട്ടം നെറ്റിയില്‍ അവശേഷിപ്പിച്ച മുറിവുമായാണ് അവന്‍ തെരുവില്‍ തളര്‍ന്നിരിക്കുന്നത്.. കടും ചുവപ്പ് വര്‍ണ്ണത്തിലുള്ള ചായയാണ്‌ അവനു നേരെ ആരോ നീട്ടിയത്..

    "വല്ലാതെ ചവര്‍ക്കുന്നു.. ഒട്ടും മധുരമില്ല അല്ലെ? "

    അവന്‍ ചോദിച്ചു..

    "മധുരിക്കരുത്.. ചായ മധുരിക്കാനുള്ളതല്ല.. ആ ചവര്‍പ്പില്‍ നിന്നാണ് നിനക്ക് ഉത്തേജനം ലഭിക്കാനുള്ളത്.."

    സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് ആ ചവര്‍പ്പിനു.. ആ ചുവപ്പിനും.. മധുരം നമ്മള്‍ ചേര്‍ത്തതാണ്.. നിറങ്ങള്‍ മാറ്റിയതും നമ്മളാണ്.. ആ അറിവുകള്‍ അവനിലേക്കെത്താന്‍ ഇനിയുംകാലമെടുക്കും//

    ReplyDelete
  64. ചായ... എന്തിനെല്ലാം അത് മൂകസാക്ഷി ആയിരുന്നിരിക്കണം!!

    ReplyDelete
  65. വായിച്ചു. ആശംസകൾ......

    ReplyDelete
  66. നല്ല വായനാനുഭവം നല്‍കിയ കഥയ്ക്ക് ആശംസകള്‍ നിസാരാ..

    ReplyDelete
  67. മുമ്പ് ഈ വഴി വന്നതായി ഓര്ക്കുന്നില്ല.
    എന്നാലും ഇഷ്ട്ടമായി.
    ഇടക്കിടക്ക് കണ്ഫ്യൂഷൻ ആയെങ്കിലും
    :)
    (അതെന്റെ കുഴപ്പമാകാം )

    ReplyDelete
  68. കഥ പറച്ചിലിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും.

    ReplyDelete
  69. നല്ല ഭാഷ... നല്ല ശൈലി ... നല്ല പ്രയോഗങ്ങൾ ... വായനാസുഖവും.

    പക്ഷേ, ഇഴയടുപ്പമില്ലാതെ നിൽക്കുന്ന കുറേ സംഭവങ്ങൾ നിരത്തിവെച്ചതുപോലെ, അല്ലെങ്കിൽ ഇഴചേർക്കാനുള്ളത് എന്തോ ഇതിൽ ഇല്ലാത്തതുപോലെ!

    ഒരുപക്ഷേ എന്റെ ആസ്വാദനനിലവാരത്തിന്റെ പോരായ്മ ആകും.

    ReplyDelete
  70. വ്യത്യസ്തമായ ചായക്കോപ്പകളില്‍ വേറിട്ട കൊടുങ്കാറ്റുകള്‍.
    ഭാഷയും ശൈലിയും...
    ഒരു വിവര്‍ത്തനകഥ വായിക്കുന്നതുപോലെ തോന്നിപ്പിച്ചു.
    പ്രമേയത്തില്‍ പുതുമ. വേറിട്ട സമീപനം.
    ആശംസകള്‍

    ReplyDelete
  71. നിസാര്‍, മനോഹരം ഈ രചന ..

    ReplyDelete
  72. പ്രിയ നിസ്സാര്‍,
    എന്‍റെ വായനയുടെയും അറിവിന്‍റെയും പരിമിതികള്‍ കാരണം അധികമൊന്നും വിശദമായി മനസ്സിലായില്ല.എന്തായാലും യുദ്ധത്തിന്‍റെ ഭീകരാവസ്ഥയും പെട്ടെന്നുള്ള അവിചാരിതമായ ആക്രമണത്തില്‍ മരണത്തെ പ്പോലും അറിയാന്‍ സമയം കിട്ടാത്തതിന്‍റെ നിസ്സഹായാവസ്ഥയും വേദനിപ്പിച്ചു.ആശംസകള്‍

    ReplyDelete
  73. മറ്റു തിരക്കുകൾ കാരണം വായന കുറവാണ്. എങ്കിലും ഇരിപ്പിടത്തിലെ "ഒരു ചായ ഉണ്ടാക്കിയ കഥ" എന്ന പരാമർശം കണ്ടാണ്‌ ഇത് വായിച്ചേക്കാം എന്ന് കരുതിയത്‌., . ഇത് ഒരു ചായ അല്ല, പല ചാകയകൾ ആണല്ലോ.

    പുതുമയുള്ള വിഷയങ്ങൾ തിരഞ്ഞെടുത്തു എഴുതുന്നതിൽ നിസാർ എപ്പോഴും ശ്രദ്ധിക്കുന്നു എന്നത് അഭിനന്ദനീയം. ഈ പോസ്റ്റ്‌ പുരോഗമിക്കുന്നതു സാധാരണക്കാരന്റെ ചിന്തകൾക്ക് അപ്രാപ്യാമായ തലങ്ങളിലൂടെ അല്ല. തളിരില വർണ്ണങ്ങളിലൂടെ പറയുന്ന പശ്ചാത്തലങ്ങൾ വായനയിലൂടെയും അനുഭവങ്ങളിലൂടെയും ഒക്കെ ചിരപരിചിതം.

    എന്നാൽ ഇതിലെ അഞ്ചു വർണ്ണങ്ങൾ വേറിട്ടു തന്നെ നില നിർത്തി. അവയെ ഒരു ലേഖനത്തിന്റെയോ കഥയുടെയോ ഫ്രെയിമിലേക്ക് കൊണ്ട് വരാമായിരുന്നു എന്നു തോന്നി. ഇവിടെ ഈ പറഞ്ഞ രണ്ടിനും വഴങ്ങാത്തത് കൊണ്ടാണ് അപൂർണം, അവ്യക്തം എന്നൊക്കെ വായനയിൽ തോന്നിപ്പോകുന്നത്.

    എഴുത്തിൽ നിസാറിന്റെ ഗ്രാഫ് ഏറെ മുന്നിലാണ്. ഇനിയും മുന്നോട്ടു പോകാൻ സാധിക്കട്ടെ. ആശംസകളോടെ.

    ReplyDelete
  74. Vishayavum bhashayum manoharamayenkilum kathayude chttakkodil ethiyillennoru thonnal.. At least avasana paragraph engilum ozhivakkividamayirunnu.. Vayanakaranu manasilavan vendi mathram kathapathrangalkkum sthalathinum lalithamaya perukal venam ennathinodu poruthapedan avilla. Enikk kiyonaye ariyilla ennu karuthi kiyonaye kamalakshi akkan pattillallo.. Adhyavattam sangeerthanam pole vayichappil dasthayavaski enn vayikkenda edathokke njan dasan ennu vayichirunnu...

    ReplyDelete
  75. Dasthayavaskiye ariyathathum vayikkathathum perumbadavathinte kuttam allathath kond dasan ennu vayich njan aswasichu. Kramena dasthayaavski enikk haramavukayum athile pala perukalum enikk hrudasthyamavukayum cheythu off comment anennariyam. Pakshe commentukal vayichappol ezhuthipoyathanu

    ReplyDelete
  76. ഹൃദയഹാരിയായ പുതുമയുള്ള കഥ...നല്ല ഭാഷ....!!! ഇനിയും മുന്നോട്ടു പോകാൻ സാധിക്കട്ടെ. ആശംസകളോടെ.

    ReplyDelete
  77. സാര്‍വ്വലൌകികമായി ശീലിക്കപ്പെട്ട പാനീയത്തിന്റെ നിറഭേദങ്ങളിലും രുചിഭേദങ്ങളിലും നിബന്ധിക്കപ്പെട്ട കഥാബീജം ഒരു പുതുമ തന്നെയാണ്‌.

    അതേസമയം കഥാഗാത്രത്തിന്റെ വിവിധ അംഗ അളവുകളില്‍ ദര്‍ശനീയമായ അനുപാതപരമായ പൊരുത്തക്കേട്‌ ഒരു ന്യൂനതയായി അനുഭവപ്പെടുന്നു.

    അനുരാഗബദ്ധരായ യുവതീയുവാക്കളുടെ സല്ലാപങ്ങള്‍ക്കും അണുവികിരണം അവരെ ഇരയാക്കിയ രംഗത്തിനും കിട്ടിയ മിഴിവ്‌ തുടര്‍ന്ന് വരുന്ന ഭാഗങ്ങളില്‍ അനുഭവവേദ്യമായില്ല. മിതഭാഷിത്വത്തിനായുള്ള അമിതാവേശം ദുര്‍ഗ്രഹതയുടെ വക്കില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.

    സര്‍ഗ്ഗാത്മകതയുടെ കന്യാവനങ്ങള്‍ തേടുന്ന നിസാറിന്റെ വ്യത്യസ്തമായ ചുവടുവെയ്പ്പുകള്‍ കൌതുകകരം തന്നെ.

    ആശംസകള്‍

    ReplyDelete
  78. വയ്കി വായിച്ചു . കൊള്ളാം എന്ന് പറയാം ... മൂന്നും മൂന്നു കഥകളെ പോലെയാണ് എനിക്ക് തോന്നിയത് . നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചത് കൊണ്ടാവാം . അതായത് തമ്മിലൊരു വിയോജിപ്പ്‌ ... തെരഞ്ഞെടുത്ത രീതി അഭിനന്ദനാർഹം . വേറിട്ട ചിന്തയാണ് താങ്കളുടെത് . ആശംസകൾ

    ReplyDelete
  79. ശൈലി മനോഹരം

    ReplyDelete
  80. മനോഹരവും വ്യത്യസ്ഥവുമായ ശൈലിയിലൂടെയും ചായക്കൂട്ടുകളുടെ വൈവിധ്യത്തിലൂടെയും ജീവിതത്തിന്റെ പല മുഖങ്ങൾ വരച്ചിട്ടിരിക്കുന്ന കഥക്ക് ആശംസകൾ നിസാർ ...

    ReplyDelete
  81. ചായ....കൊള്ളാം. ഒരു പ്രത്യേകതരം വായനാസുഖമുണ്ടായിരുന്നു എന്ന് പറയാതെ വയ്യ.

    ReplyDelete
  82. നല്ല വായനാനുഭവം തന്നതിന് nandi...

    ReplyDelete

Related Posts Plugin for WordPress, Blogger...