ജനലിലൂടെ എന്നും കാണുന്നത് ഒരേ കാഴ്ചകളാണ്.. എങ്കിലും ജനലിനരികില്‍ നിന്ന് മാറിയിരിക്കാറില്ല..
കുറച്ചു ദിവസങ്ങളായി ഇടവേള തന്നിരുന്ന വേദന വീണ്ടും അതിന്റെ പൊള്ളുന്ന വിദ്യുത്സ്പര്‍ശം ശരീരത്തിലൂടെ പ്രവഹിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു ..
ഹൃദയം പക്ഷെ പിടയുന്നത് നിന്നെയോര്‍ത്താണ് ആംസ്ട്രോങ്ങ്..
എന്നും ഞാനങ്ങനെയായിരുന്നല്ലോ.. എനിക്ക് പ്രിയപ്പെട്ടവ എന്ന് പറയാന്‍ വളരെ കുറവ് കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ അവയെയെല്ലാം ഞാന്‍ ഒരു പാട് സ്നേഹിച്ചിരുന്നു..
ഏകാന്തതയില്‍ എന്റെ കൂടെ സഞ്ചരിക്കാറുള്ള മെഹ്ദി ഹസ്സന്റെ ഗസലുകള്‍ പോലെ.
വായിച്ചും വായിച്ചും മതി വരാത്ത ഗബ്രിയേല്‍ മാര്‍ക്കെസിന്റെ പുസ്തകങ്ങള്‍ പോലെ.. വേദനയുടെ വേനല്‍ ചൂടില്‍ ഇടക്കെപ്പോഴോക്കെയോ പൊഴിയുന്ന നിലാ മഴ പോലെ.
വിട പറഞ്ഞകന്ന പ്രണയത്തിന്റെ വിരലിന്‍ തുമ്പിലെ അവസാന സ്പര്‍ശം പോലെ...
പ്രിയമുള്ള എന്റെ ഇത്തിരി സ്വത്തുകള്‍ .. നെഞ്ചോടടുക്കി പിടിച്ചു എന്റെ നിരാശകളെ ഞാന്‍ പ്രതിരോധിക്കാറുള്ള എന്റെ മാത്രം ഭ്രാന്തുകള്‍ ..
നീ പക്ഷെ അതിനെല്ലാം മുകളിലായിരുന്നു എനിക്ക് ..